Mocifi.com
Art is not a luxury, but a necessity.

96: ജാനുവിനേക്കാള്‍ ഭേദം നാഗവല്ലി കയറിയ ഗംഗയാണ്

355

നവാസ് ഹുസൈന്‍

’96’ കണ്ടപ്പോള്‍ വേദനയോടെ ഞാന്‍ മനസ്സിലാക്കിയ കാര്യമാണ് ജാനകി ദേവി ഒരു കള്ളിയാണെന്ന്.

എങ്ങനെയെന്നല്ലേ..? വരൂ, പറയാം..

ജാനു ഗെറ്റ് റ്റുഗദറിന് എത്തുന്നതിനു മുമ്പ് സുഭാഷിണിയോട് മുരളി പറയുന്നുണ്ട്.

‘ഒരുപാടു വട്ടം വിളിച്ചിട്ടും മെസ്സേജയച്ചിട്ടും ജാനുവിന്റെ ഒരു മറുപടിയും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് കാലത്ത് അവള്‍ റിപ്ലൈ തന്നു, വരുന്നുണ്ടെന്നും പറഞ്ഞ്..’

ജാനുവിന് ഗെറ്റ് റ്റുഗദറില്‍ പങ്കെടുക്കാന്‍ യാതൊരുവിധ താല്പര്യവുമില്ലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. വര്‍ഷങ്ങളായി തന്റെ കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ സുഖിച്ചു ജീവിച്ചു പോന്നിരുന്ന ജാനു മുരളിയുടെ ശല്യം കാരണം മനസ്സില്ലാ മനസ്സോടെയാണ് ആ ഫങ്ഷന് എത്തുന്നത്. വന്നു കേറിയപ്പോള്‍ തന്നെ ദേഷ്യത്തില്‍ അവളത് വ്യക്തമാക്കുന്നുണ്ട്.
‘നാന്‍ വന്തിട്ടെ, പോതുമാ..’

Online PSC Coaching: www.ekalawya.com

അല്‍പ്പനേരം കഴിഞ്ഞാണ് റാം വന്നിട്ടുള്ള വിവരം ജാനു അറിയുന്നത്. ആ സമയത്താണ് അവളിലെ ‘മനോരോഗി’ ഉണരുന്നതും. റാമിനെ കണ്ടതുമുതല്‍ പഴയ പ്രണയവും അതിന്റെ സുഖമുള്ള ഓര്‍മ്മകളും പൊക്കിപ്പിടിച്ചാണ് താന്‍ വന്നിരിക്കുന്നതെന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പെരുമാറാന്‍ ശ്രമിക്കുന്ന ജാനു പക്ഷേ പലയിടത്തും റാമിനെ പുച്ഛിക്കുകയാണ്.

ഇപ്പോഴും തന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന റാമിനെ കാണുമ്പോള്‍ ഉള്ളുകൊണ്ടവള്‍ ആനന്ദിക്കുകയാണ്. റാം അയാളുടെ ജീവിതകാലം മുഴുവന്‍ തന്നെ ഓര്‍ത്തുകൊണ്ട് ഒരു കോമാളിയെപോലെ കഴിയണമെന്ന് ആഗ്രഹിക്കുന്ന ജാനു ഒരു ക്രൂരമനസ്സിന്റെ ഉടമ കൂടിയാണ്.

96 -ലെ കാതലേ കാതലേ എന്ന ഗാനം കേള്‍ക്കാം

തന്നോടുള്ള ഇഷ്ടം പറയാന്‍ പോലും കെല്‍പ്പില്ലാതെ ഉള്‍വലിഞ്ഞു നിന്ന ആ പഴയ റാമിനെ വീണ്ടും കണ്ടപ്പോള്‍ അവള്‍ക്ക് രസം പിടിച്ചു. അവന്‍ ബോധം കെട്ടുവീഴും എന്ന് വളരെ കൃത്യമായി ഉറപ്പുണ്ടായിരുന്ന ജാനു പഴയതുപോലെ തന്റെ കൈ റാമിന്റെ നെഞ്ചില്‍ വെക്കുന്നു.

അവള്‍ ആഗ്രഹിച്ചതുപോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. റാം ബോധം കെട്ട് വീണു. താന്‍ ഇപ്പോഴും എന്തോ ഭയങ്കര സംഭവമാണെന്ന് അവിടെ വന്നവരെ കാണിക്കാന്‍ ജാനു നടത്തിയ ചീപ് ഷോ ആയിരുന്നു അത്. എന്നിട്ടും അവിടെ സോറി പറയുന്നത് റാം ആണ്. വളരെ മാന്യനായ ഒരു മനുഷ്യന് അതല്ലേ സാധിക്കൂ.

ഇതുകൂടെ വായിക്കാം: ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ്‌കാസ്റ്റിങ്ങോ

ഫ്ളൈറ്റില്‍ നിന്നും താന്‍ ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമേ ജാനു പറയുന്നുള്ളു. എന്നാല്‍ ഫ്ളൈറ്റ് ഇറങ്ങി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമുമെടുത്ത് അവിടെനിന്നും വയറുനിറയെ ഭക്ഷണം കഴിച്ചു വന്ന ജാനു ആഗ്രഹിക്കുന്നത് റാമിനെ കൊണ്ട് അവള്‍ക്കുള്ള ഫുഡ് സെര്‍വ് ചെയ്യിക്കാനാണ്.

വെറും 2 സ്പൂണ്‍ മാത്രം കഴിക്കുന്ന ജാനു പിന്നീട് തന്റെ പാത്രത്തില്‍ ബാക്കി വന്നത് റാമിനെക്കൊണ്ട് തന്നെ കഴിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ ഇന്ന് ജാനു റാമിന്റെ ഒരു നല്ല സുഹൃത്തോ കാമുകിയോ അല്ല. മാത്രമല്ല ജാനു മറ്റൊരുത്തന്റെ ഭാര്യയാണ് താനും.

തന്റെ എച്ചില്‍ റാം കഴിക്കുന്ന സമയത്തുള്ള ജാനുവിന്റെ മുഖഭാവം ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലാകും, അവളത് ഏത് വിധത്തിലാണ് ആസ്വദിച്ചിരുന്നതെന്ന്. Yes, female domination..!
അന്നത്തെ രാത്രി മൊത്തം റാമിനെ കുരങ്ങുകളിപ്പിക്കാന്‍ തീരുമാനിക്കുകയാണ് ജാനു.

‘റാം നീ എന്തുകൊണ്ട് കല്യാണം കഴിച്ചില്ല, ഞാന്‍ കാരണമാണോ..? അങ്ങനെ ആയാലും കുഴപ്പമില്ല, എല്ലാം തുറന്നു പറയൂ..’ എന്ന ചോദ്യങ്ങളില്‍ സംഭാഷണം ആരംഭിക്കുന്ന ജാനുവിനോട് ‘ഇറങ്ങ്, നിന്റെ ഹോട്ടലെത്തി’ എന്ന് റാം പറയുന്നു. തന്റെ പദ്ധതി പാതിവഴിയില്‍ മുടങ്ങിയ നിരാശയില്‍ റൂമിലേക്ക് മടങ്ങുന്ന ജാനു പക്ഷെ ഇരിക്കപ്പൊറുതിയില്ലാതെ റാമിനെ വിളിക്കുന്നു.

ജാനു : റൊമ്പ ദൂരം പോയിട്ടിയാ റാം..

(അവളുടെ തേന്‍ പുരട്ടിയ ആ കൊഞ്ചലില്‍ പാവം റാം വീണു)

റാം : ഉന്നെ എങ്കെ വിട്ടെയോ അങ്കേ താ നിക്കിറേ..!
കാറെടുത്ത് അപ്പോള്‍ തന്നെ പോയിരുന്നെങ്കില്‍ ആ പാവം രക്ഷപ്പെട്ടേനെ. റാം അവന്റെ വിധി ഇരന്നു മേടിക്കുകയായിരുന്നു..!
‘നീ കന്നിപ്പയ്യനാണോ റാം’ എന്ന് പച്ചക്ക് ചോദിക്കുന്ന ജാനുവിന്റെ അടുത്ത ചോദ്യം നോക്കൂ..

‘ഡേയ്, ഉന്നമാതിരി പസങ്കളെ പൊണ്ണുങ്ങള്‍ക്ക് റൊമ്പ പുടിക്കുമെ, പിന്നെ എപ്പടി നീ മിസ് പണ്ണീട്ടേന്‍..?’

അപ്പോള്‍ ‘എന്നെ മാതിരിയാ’ എന്ന റാമിന്റെ നിഷ്‌കളങ്കമായ സംശയത്തിന് മറുപടിയായി ‘ഡേയ് നീയൊരു ആമ്പുള നാട്ടുക്കട്ടെടാ’ എന്നും പറഞ്ഞ് ജാനു റാം കാണാതെ ഒളിഞ്ഞു ചിരിക്കുന്നത് കാണാം.

ഞങ്ങടെ നാട്ടില്‍ ഇതിനെ പരിഹാസം എന്നാണ് പറയുന്നത്. തറവാട്ടില്‍ പിറന്ന കുലസ്ത്രീയായ ജാനൂന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്നൊക്കെ സ്വാഭാവികമായും നിങ്ങളില്‍ ചിലര്‍ക്ക് സംശയം തോന്നാം.

ജാനുവിലെ പെരുങ്കള്ളിയും മനോരോഗിയും ഒന്നിക്കുന്ന ആ ഒരു പോയിന്റില്‍ അവള്‍ക്കെന്തിനും കഴിയും. അതുമാത്രമല്ല അവന് വല്ല സ്‌നേഹബന്ധവും ഉണ്ടായിരുന്നോ എന്നറിയാന്‍ ഓരോന്ന് കുത്തിച്ചോദിക്കുന്നുണ്ട് ജാനു.

താന്‍ കാരണം റാം ഒരു പെണ്‍കുട്ടിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ അവള്‍ക്കൊരുപാട് സന്തോഷമായി. ഇതിനിടയില്‍ സ്വയം ന്യായീകരിക്കാനും മറക്കുന്നില്ല ജാനു..

‘അന്ന് പിന്നെ ചേച്ചി ഒളിച്ചോടിപ്പോയത് കൊണ്ട് ഷോക്കിലായി പുര നിറഞ്ഞു നിന്ന എന്റെ അച്ഛനെ ഓര്‍ത്തിട്ട്.. അതുമാത്രമല്ല, ഈ ഞാനും പുരനിറഞ്ഞ്..’.

തേഞ്ഞു പഴകിയ ആ ഫ്‌ലാഷ്ബാക്ക് കദനകഥ വിശ്വസിക്കാന്‍ റാമെന്ന പാവത്തിന് മാത്രമേ സാധിക്കൂ.

‘എന്തുകൊണ്ട് നീ എന്നെ കാണാന്‍ ശ്രമിച്ചില്ല റാം’ എന്ന തന്റെ ചോദ്യത്തിന് റാമിന്റെ ഭാഗത്തുനിന്നും ഒരു നിശബ്ദതയാണ് ജാനു പ്രതീക്ഷിച്ചത്. എന്നാല്‍ അവിടെ റാം വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ‘താന്‍ പെട്ടു’ എന്ന കാര്യം ജാനുവിന്റെ ഉള്ളിലെ പെരുങ്കള്ളി മനസ്സിലാക്കുന്നു. പുതിയ കള്ളം ആലോചിക്കാനുള്ള സമയം കിട്ടാന്‍ വേണ്ടി ദുഃഖം അഭിനയിച്ചുകൊണ്ട് ജാനു കാറില്‍ നിന്നും പുറത്തിറങ്ങി റൂമിലേക്ക് ഓടി. പിന്തുടര്‍ന്ന് പോകുന്ന റാം കാണുന്നത് കുളിമുറിയില്‍ ഇരുന്ന് മോങ്ങുന്ന ജാനുവിനെയാണ്..
ഹൊ, എജ്ജാതി അഭിനയം..!

96 -ലെ ലൈഫ് ഓഫ് റാം എന്ന ഗാനം കേള്‍ക്കാം

തുടക്കത്തില്‍ തന്നെ ജാനു റാമിനോട് 20 വര്‍ഷമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട് എന്ന് അറിയാതെ പറഞ്ഞു പോകുന്നുണ്ട്. തനിക്ക് തെറ്റ് പറ്റിയെന്നു മനസ്സിലാക്കിയ ജാനു പെട്ടെന്നു തന്നെ അത് 22 ആണെന്ന് തിരുത്തുന്നുമുണ്ട്. അതായത് സ്‌കൂളില്‍ നിന്ന് പോയതിനു ശേഷവും ജാനു റാമിനെ കണ്ടിട്ടുണ്ട് എന്നര്‍ത്ഥം.

അന്ന് അവളെ കാണാന്‍ മദ്രാസ്സില്‍ നിന്നും എത്തിയ റാമിനെ ജാനു യഥാര്‍ത്ഥത്തില്‍ കണ്ടിരുന്നു എന്ന് വേണം കരുതാന്‍. പറയാന്‍ ഏല്‍പ്പിച്ചു വിട്ട പെണ്‍കുട്ടി റാമിന്റെ പേര് പറഞ്ഞില്ലായെന്നും താന്‍ അന്ന് കണ്ടത് എന്നും തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഒരു പയ്യനെയായിരുന്നെന്നും ക്യാമറ ആംഗിള്‍ മാറ്റിപ്പിടിച്ച് ജാനു കള്ളം പറഞ്ഞതാണ്.

അങ്ങനെ ഒരു പയ്യനെ അവള്‍ കുളിമുറിയില്‍ ഇരുന്ന് മോങ്ങുന്ന സമയത്ത് സൃഷ്ടിച്ചെടുത്തതാണ്. സത്യത്തില്‍ ആ പെണ്‍കുട്ടി പേര് പറഞ്ഞുകൊണ്ട് റാമിനെ കാണിച്ചുകൊടുത്തിരുന്നു. അതാണ് അവളുടെ വായില്‍ നിന്നു തന്നെ ’20 വര്‍ഷങ്ങള്‍ക്ക്’ മുമ്പ് കണ്ടിട്ടുണ്ടെന്ന നഗ്‌നസത്യം വെളിയില്‍ വന്നത്. അന്ന് മറ്റൊരു കാരണം കൊണ്ട് അവള്‍ക്ക് റാമിനെ വേണ്ടാതായിക്കഴിഞ്ഞിരുന്നു (ഇന്ന് സിംഗപ്പൂരിലുള്ള അവളുടെ ഭര്‍ത്താവിനെ ജാനു അന്നേ പരിചയപ്പെട്ടിരിക്കാം, അല്ലെങ്കില്‍ കോളേജില്‍ ചേര്‍ന്ന സമയത്ത് തന്നെ അയാളുടെ ആലോചന വന്നിരിക്കാം.

വളരെ സ്മാര്‍ട്ടായ, റിച്ചായ അയാളുമായുള്ള പരിചയം കടുത്ത പ്രണയത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് വെറും സാധാരണക്കാരനായ റാമിനെ അവള്‍ കണ്ടില്ലെന്ന് നടിക്കാനുള്ള സാധ്യത കൂടുതലാണ്)

ജാനുവിനെ കണ്ടാല്‍ തന്നെ വെട്ടിവിയര്‍ക്കാറുള്ള റാമിന് അതൊക്കെ എങ്ങനെ മനസ്സിലാവാന്‍. ജാനു എന്ത് പറഞ്ഞോ അതവന്‍ വിശ്വസിക്കും. കഷ്ടം തന്നെ മൊയ്‌ലാളീ കഷ്ടം തന്നെ.
കഫേയില്‍ വെച്ചു കണ്ട ആ പെണ്‍കുട്ടികളോട് പഴയ കഥകളില്‍ വെള്ളം ചേര്‍ത്ത് പറയുമ്പോള്‍ റാം കാണുന്നത് തന്നെയൊരു ഹീറോയാക്കി മാറ്റുന്ന ജാനുവിനെയാണ്.

യഥാര്‍ത്ഥത്തില്‍ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിക്ക് റാമിനോട് തോന്നിയ പ്രണയം മനസ്സിലാക്കിയിട്ട് തന്നെയാണ് ജാനു അത്തരമൊരു കഥ മെനഞ്ഞു പറഞ്ഞത്. ജാനുവിന് വേണ്ടി നെഞ്ചും വിരിച്ച് സിങ്കക്കുട്ടിയായി റാം വന്നുനിന്ന കഥ പൂര്‍ത്തിയാക്കുന്ന ജാനു അവരില്‍ ആര്‍ക്കേലും എന്നെങ്കിലും അവനോട് ഒരിഷ്ടം തോന്നാതിരിക്കാന്‍ അവിടെവെച്ച് ‘അവന്റെ പ്രിയപ്പെട്ട ഭാര്യയാണ്’ താനെന്ന് സ്ഥാപിച്ചെടുത്തു.

96 -ലെ ഇരവിങ്ങു തീവായ് എന്ന ഗാനം കേള്‍ക്കാം

റാമിന്റെ നന്മയാണ് ജാനു ആഗ്രഹിച്ചിരുന്നതെങ്കില്‍ റാമിനെ തേടി വൈകിവന്ന ഒരവസരം, ഇനിയുള്ള അവന്റെ ജീവിതം തന്നെ മാറ്റിയേക്കാവുന്ന ആ അവസരം അവള്‍ വിദഗ്ധപൂര്‍വ്വം തട്ടിമാറ്റിക്കളയുമായിരുന്നില്ല. പട്ടി പുല്ല് തിന്നുകയുമില്ല, പശൂനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന പഴഞ്ചൊല്ലാണ് ഇവിടെ ജാനുവിനോട് ചേര്‍ന്ന് നില്‍ക്കുന്നത്.

ഇവിടെ അടുത്താണ് വീട്, തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒന്ന് അങ്ങോട്ട് പോകാം എന്ന് പറയുന്ന റാമിനെ കണക്കിന് പരിഹസിക്കുന്നുണ്ട് ജാനു. ‘ഇനിയിപ്പോള്‍ റാമിന്റെ കൂടെ മേനകയും ഉര്‍വശിയും രംഭയും വന്നാല്‍ക്കൂടി ഒരു ചുക്കും അവിടെ സംഭവിക്കില്ല’ എന്നും ജാനു പറയുന്നുണ്ട്. പാവം റാം ഹാപ്പിയായി. എന്നാല്‍ ജാനു അതൊക്കെ പറഞ്ഞത് മറ്റൊരു അര്‍ത്ഥത്തിലാണ്. റാമിന്റെ പൗരുഷത്തെ തന്നെ ചോദ്യം ചെയ്യുകയാണ് ജാനു. അതുകൊണ്ടാണല്ലോ റാമിന് നല്ല ലുക്ക് ഉണ്ടായിരുന്ന താടിയും മീശയും കളയിപ്പിച്ചു അയാള്‍ക്ക് ഏറ്റവും നന്നായി ചേരുന്ന കോലം ഇതാണെന്ന് പറയുന്നതും..

ഹോ സഹിക്കാന്‍ പറ്റണില്ലാ..!

പുതിയ ജീവിതം തുടങ്ങാന്‍ റാമിനെ ഉപദേശിച്ചുകൊണ്ട് (ഇനി എന്ത് ജീവിതം അല്ലേ..? ), ഈ പ്രപഞ്ചത്തില്‍ അവന്റെ നന്മ ആഗ്രഹിക്കുന്ന ഒരേയൊരാള്‍ താന്‍ മാത്രമാണെന്ന് അവനെ തെറ്റിദ്ധരിപ്പിച്ചിട്ട് ജാനു റാമിനെയും കൂട്ടി എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നു. എന്നാല്‍ റാമിന്റെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ച കൂട്ടിയാണ് ജാനു യാത്രയാകുന്നത്.

അതെ, റാമിന് ഇനിയൊരിക്കല്‍ പോലും മറ്റൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നാതിരിക്കാന്‍ വേണ്ടതെല്ലാം അവള്‍ ആ ഒരൊറ്റ രാത്രികൊണ്ട് ചെയ്തുകഴിഞ്ഞു. അവളുടെ പാട്ടും കള്ളക്കണ്ണീരും ഫുഡും, പിന്നെ അവള്‍ അവന് വേണ്ടി മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ട് പോയ വസ്ത്രങ്ങളും. അതും കൂട്ടിപ്പിടിച്ചു മറ്റൊരു 20 വര്‍ഷം കൂടി അയാള്‍ ഇങ്ങനെയിരിക്കും.

അത് ജാനൂന് നല്ലോണം അറിയാം.
എന്നിരുന്നാലും തന്റെ പദ്ധതികള്‍ എല്ലാം വിജയിച്ചോ എന്നറിയാന്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ഇനിയും റാമിനെ സന്ദര്‍ശിച്ചേക്കും. ഹൊ, എത്ര ഭീകരമായ അവസ്ഥ..! ഒരിക്കല്‍ തന്നോട് പറയാതെ പോയതിന്റെ പേരില്‍ മരണം വരെ റാമിനെ ഉപദ്രവിക്കുകയാകും ജാനുവിന്റെ ലക്ഷ്യം. അന്നവന്റെ ജീവിതസാഹചര്യം കൊണ്ടാണ് റാമിന് പോകേണ്ടി വന്നത് എന്നറിഞ്ഞിട്ടും ജാനുവിന്റെ പക ലവലേശം കുറഞ്ഞിട്ടില്ല.

ഓ മറന്നു, പെണ്ണിന്റെ പക ആനപ്പകയെക്കാള്‍ കൊടൂരമാണല്ലോ..!
റാം ഒരു പ്രത്യേക സ്വഭാവത്തിനുടമയാണെന്നും പഞ്ചപാവമാണെന്നും, മാത്രമല്ല അവന് ഇന്‍ഫീരിയോരിറ്റി കോംപ്ലെക്‌സ് നല്ലോണം ഉണ്ടെന്നും ജാനുവിന് അറിയുന്ന കാര്യമാണ്. അങ്ങനെയുള്ള അവനൊരു തെറ്റ് ചെയ്യില്ലെന്നും അവള്‍ക്ക് അറിയാമായിരുന്നു. അവന് പിന്നീട് എന്തു സംഭവിച്ചെന്ന് അറിയാനുള്ള താല്പര്യം ജാനുവിന് ഉണ്ടായിരുന്നെങ്കില്‍ സുഭാഷിണി വഴിയോ മുരളി വഴിയോ മറ്റോ എന്നെങ്കിലും അവനെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു.

96 -ലെ ഒറിജിനല്‍ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ കേള്‍ക്കാം

പക്ഷെ അങ്ങനെ സംഭവിച്ചില്ല. ഇനി ഒന്ന് ചിന്തിച്ചു നോക്കൂ. ജാനു ഒരു പെരുങ്കള്ളിയാണെന്ന് തന്നെ നിങ്ങള്‍ക്ക് തോന്നുന്നില്ലേ. പാവം റാമുമാരെപ്പോലെയുള്ളവരെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സ്ത്രീകളുടെ പ്രതീകമാണ് ജാനു. ഇനിയൊരു താരതമ്യ പഠനം നടത്തിയാല്‍ ജാനുവിനേക്കാള്‍ എത്രയോ ഭേദം നാഗവല്ലി കയറിയ ഗംഗയാണെന്ന് തന്നെ പറയേണ്ടി വരും.

ഒരു കാര്യം ചോദിക്കട്ടെ റാം.. ഈ കാലഘട്ടത്തില്‍ നിങ്ങള്‍ എങ്ങനെ ഇത്ര പാവമായിപ്പോയി. എന്തുകൊണ്ട് നിങ്ങള്‍ ആ പെരുങ്കള്ളിയെ അന്ധമായി സ്‌നേഹിച്ചു. ഇനി നിങ്ങള്‍ വല്ല അന്യഗ്രഹജീവിയോ മറ്റോ ആണോ. ഒരു കാര്യം കൂടെ.. ജാനുവിനെപ്പോലെ ഒരുത്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിലും നല്ലത് ഇങ്ങനെ ക്യാമറയും തൂക്കി നടക്കുന്നത് തന്നെയാണ്.

96 എന്ന സിനിമയുടെ ക്‌ളൈമാക്‌സില്‍ ജാനു ഫ്‌ളൈറ്റില്‍ കയറുന്നതിന് തൊട്ട് മുമ്പെങ്കിലും ചടുലമായ ഫ്‌ലാഷ്ബാക്ക് രംഗങ്ങളുടെ സഹായത്താല്‍ സത്യം റിവീല്‍ ചെയ്യുന്ന ഒരു രംഗം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു. അതില്ലാതിരുന്നതുകൊണ്ട് തന്നെ നിങ്ങളുടെയൊക്കെ മനസ്സില്‍ 96 എന്നെന്നും ഒരു മഹത്തായ പ്രണയകാവ്യമായി നിലനില്‍ക്കും..!

(ഒരു പൊളിച്ചെഴുത്ത്)

(ഫേസ്ബുക്കില്‍ കുറിച്ചത്‌)

Leave A Reply

Your email address will not be published.