Mocifi.com
Art is not a luxury, but a necessity.

ഇടതുവിരുദ്ധതയും മൃദുഹിന്ദുത്വവും; വരനെ ആവശ്യമുണ്ട് ഒളിച്ചുകടത്തുന്നത്‌

എന്‍ ബി സുരേഷ്‌

വരനെ ആവശ്യമുണ്ട്: രാഷ്ട്രീയ നിരൂപണം

നിഷ്കു സിനിമകളിൽ ഒളിച്ചുകടത്തുന്ന രാഷ്ട്രീയം. മനുഷ്യൻ അവന്റെ എല്ലാ സങ്കടങ്ങളും മറന്ന് ആഘോഷിക്കാനും സ്വയം മറക്കാനും വേണ്ടിയാണ് സിനിമ കാണാൻ തീയറ്ററിൽ എത്തുന്നതെന്നും അത്തരം വിനോദസിനിമകളിൽ ഗൌരവമായി രീഷ്ട്രീയം തിരയരുത് എന്നുമുള്ള ഉപദേശങ്ങൾ തലയ്ക്ക് മീതെ നിൽക്കുമ്പോഴും ചിലത് കാണുമ്പോൾ ചിലത് ആലോചിച്ചുപോകും. മലയാളത്തിലെ നിഷ്കളങ്ക സിനിമകൾ എന്നാണല്ലോ സത്യൻ അന്തിക്കാടിന്റെ സിനിമകളെ നാം വിശേഷിപ്പിക്കുന്നത്.

വരനെ ആവശ്യമുണ്ട് സിനിമയില്‍ ശോഭന

അതിനാൽ ഒരു കസേര നാം അദ്ദേഹത്തിനായി നമ്മുടെ പൂമുഖത്ത് നീക്കിയിട്ടിട്ടുണ്ട്. ഒരു കക്ഷിരാഷ്ട്രീയവുമില്ലാതെ നിഷ്പക്ഷനായിനിന്ന് നിത്യജീവിതപ്രശ്നങ്ങൾ അവതരിപ്പിക്കുന്നു എന്ന നിഷ്കു മട്ടാണ് ആ സിനിമകളിലാകെ. എന്നാൽ മിക്കപ്പോഴും ഈ പ്രശ്നങ്ങൾ പറയുന്ന മട്ടിൽ ഒരു ഇടത് വിരുദ്ധത അദ്ദേഹത്തിന്റെ സിനിമകളിൽ രംഗങ്ങളായോ നിർദ്ദോഷമായി പറയുന്ന ഡയലോഗുകളായോ വരാറുണ്ട്.

വായിക്കാന്‍ സന്ദര്‍ശിക്കുക: കിളി പറപ്പിക്കുന്ന സിനിമകള്‍

വരവേല്പ് അടക്കമുള്ള സിനിമകളിൽ അതിനായി ചില ലൊട്ടുലൊടുക്ക് വകകൾ അദ്ദേഹം കരുതിവയ്ക്കും. സന്ദേശം പോലെ കക്ഷിരാഷ്ട്രീയം വലിച്ചുകീറുന്ന സിനിമകളുടെ അന്തർദ്ധാരകൾ പരിശോധിച്ചാൽ ചിലത് വെളിപ്പെടും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അദ്ദേഹം സ്വന്തമായി തിരക്കഥയെഴുതാൻ തുടങ്ങിയ സിനിമകൾ കാണാനിരുന്നാൽ ഉപദേശം കേട്ടു നാം മടുത്തുപോകും. സ്ഥിരം കുറ്റിയിൽ കെട്ടിയിട്ട് കറങ്ങുന്ന ഒന്നാണല്ലോ അവയെല്ലാം.

വരനെ ആവശ്യമുണ്ട്: സിനിമയിലെ പാട്ടുകള്‍ കേള്‍ക്കാം

രസതന്ത്രം മുതൽ നാം അത് കണ്ടതാണ്. പറയാൻ വന്നത് മറ്റൊരു കാര്യമാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സിനിമ എഴുതി സംവിധാനം ചെയ്തപ്പോൾ എല്ലാ അർഥത്തിലും അത് സത്യൻ അന്തിക്കാട് സിനിമാണ്. രചനയും സംവിധാനവും സത്യൻ അന്തിക്കാട് എന്ന് മാറ്റിയെഴുതിയാൽ ആരും സംശയിക്കില്ല.

ആ രാഷ്ടീയ ദർശനം, അതായത് ഇടതുവിരുദ്ധത കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്. അതിന്റെ കൂടെ ഇത്തിരി മൃദുഹിന്ദുത്വവും മേമ്പൊടിയായി ഉണ്ടെന്ന് മാത്രം. കഥയിലെ ശരിയായ നായിക നീനയുടെ( ശോഭന) ചാച്ചൻ( ലാലു അലക്സ്) ചെന്നൈയിൽ ഫ്ലാറ്റിൽ വരുമ്പോൾ അവരുടെ മകളോട്( കല്യാണി പ്രിയദർശൻ) സല്ലാപത്തിനിടയിൽ അവിടുത്തെ വൈഫൈയുടെ പാസ് വേഡ് ചോദിക്കുന്നു.

‘ചൂടുവെള്ളം’ എന്നായിരുന്നു ഇപ്പോൾ എൽഡിഎഫ് വരും എല്ലാം ശരിയാകും, എല്ലാം സ്മാൾ ലെറ്റർ’ എന്നാണെന്ന് പറയുന്നു. ചൂടുവെള്ളമായിരുന്നു നല്ലത് എന്ന് തിരിച്ച് കമന്റ്. നമ്മൾ നിഷ്കു തമാശയിൽ ചിരിക്കുന്നു. പിന്നെ ചാച്ചനും നീനയുടെ മകളും സ്വകാര്യമായി സംസാരിക്കുമ്പോൾ എന്താണെന്ന് ചോദിക്കുന്ന നായികയോട് ചാച്ചൻ ആ പാസ് വേഡിന്റെ നീളം കുറയ്ക്കാമായിരുന്നു എന്ന്.

ഇതും നിഷ്കു, നിങ്ങൾക്ക് ഒന്നും തോന്നിയില്ലല്ലോ. ഇടത് ഒന്നും ശരിയാക്കാറില്ല എന്ന ധ്വനി തോന്നിയില്ലല്ലോ..? ഭാഗ്യം. നിഷ്കുകൾ മറുവശത്തെക്കുറിച്ച് സിനിമയിൽ ഒരു കമന്റും നടത്തുന്നില്ല എന്ന് മാത്രമല്ല.. സാമൂഹ്യകൂട്ടായ്മയെക്കാൾ വ്യക്തിമാഹാത്മ്യങ്ങൾ വാഴ്ത്തിപ്പാടുന്ന കഥകൾ ആണല്ലോ സത്യൻ അന്തിക്കാട് ചമച്ചിരുന്നത്. ഇതും അതുതന്നെ.

വായിക്കാന്‍ സന്ദര്‍ശിക്കുക: എസ് എന്‍ സ്വാമി സസ്‌പെന്‍സ് ത്രില്ലറുകളുടെ രാജാവ്‌

അടുത്തത് കഥയിലെ ഒരു നായകനായ മേജർ( ഉണ്ണികൃഷ്ണൻ എന്ന പേര് ശ്രദ്ധിക്കണം) കൂട്ടുകാരനുമൊത്ത്( മേജർ രവി) ബൈക്കിൽ പോകുമ്പോൾ കോപമടക്കാൻ യോഗതുടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. അപ്പോൾ കൂട്ടുകാരന്റെ കമന്റ് ‘ ആഹാ നമ്മുടെ പ്രധാനമന്ത്രിക്ക് സന്തോഷമാവും” എന്ന്. നിങ്ങൾക്ക് പ്രശ്നമൊന്നും തോന്നിയില്ലല്ലോ.

വരനെ ആവശ്യമുണ്ട് മേക്കിങ് വീഡിയോ കാണാം

വെറുമൊരു നിഷ്കു കമന്റ്.( പറയുന്ന സീനിൽ അഭിനയിക്കുന്ന രണ്ടാളുകളെ ശ്രദ്ധിച്ചാൽ വേറെ ഒരു കോയിൻസിഡൻസ് ഓർത്ത് ചിരിക്കാം) ഇനി സിനിമയിലെ ഒരു നായികയായ പെൺകുട്ടി( അവൾ കല്യാണച്ചെക്കന്മാരെ തിരയുകയാണ്) ഉടക്കിപ്പിരിഞ്ഞ ചെറുപ്പക്കാരനുമായി കൂട്ടിമുട്ടിക്കാൻ മറ്റൊരു കൂട്ടുകാരനും കൂട്ടുകാരിയും കൂടി സീനൊപ്പിക്കുന്നു. ഒടുവിൽ അവളുടെ ഫോണെടുത്ത് കൃസ്ത്യാനിയായ എബി എന്ന ചെറുപ്പക്കാരന് ‘ഹാപ്പി ശ്രീകൃഷ്ണജയന്തി’ എന്ന് മെസ്സേജയക്കുന്നു. ഉടനടി പ്രശ്നം സോൾവാക്കി അയാൾ തിരിച്ച് മെസ്സേജയക്കുന്നു.

നിങ്ങൾ ചിരിച്ചതല്ലേയുള്ളൂ.. രംഗം നിഷ്കുവല്ലേ.. രാഷ്ട്രീയമൊന്നുമില്ലല്ലോ. ങാ ഇങ്ങനെയാണ് ചരസ്സും കഞ്ചാവും പോലെ ചിലത് ഒളിച്ചുകടത്തുന്നത്. ഇനി ചിരിച്ച് ചിരിച്ച് വെള്ളം കപ്പിപ്പോകുന്ന ഒരു സീരിയസ്സ് സീനുണ്ട്. ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്ക്സീനാണ്. ആളുകൾ കൊട്ടയും കോഴിയുമൊക്കെയെടുത്ത് മുകളിലെ ഫ്ലാറ്റിലെക്ക് മാറുന്ന സീനൊക്കെയുണ്ട്. മഴയൊട്ട് കാണാനുമില്ല.

വരനെ ആവശ്യമുണ്ട് ഒഫീഷ്യല്‍ ട്രെയ്‌ലര്‍

അപ്പാർട്ട്മെന്റിന്റെ താഴെ നൂലുപോലെ പെയ്യുന്ന മഴയത്ത് നിന്ന് നിങ്ങളുടെ അവിടെ വെള്ളപ്പൊക്കമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഞാനൊരു പട്ടാളക്കാരനാണ് എല്ലാവരുടെയും പ്രശ്നത്തിൽ ഇടപെടുന്ന ഞങ്ങളോട് ഞങ്ങൾക്ക് പ്രശ്നമുണ്ടോ എന്ന് ചോദിക്കാറുണ്ടോ എന്ന് ചോദിച്ചു മഴയത്തിറങ്ങിപ്പോകുന്ന (വെള്ളപ്പൊക്കത്തിൽ കുടയും പിടിച്ച്) നായകൻ.

ഇവിടെയും സവിശേഷ സാഹചര്യമുണ്ടാക്കി നിഷ്കളങ്കത കയറ്റി അയക്കുന്നത് നിങ്ങൾ കണ്ടില്ലല്ലോ? ഭാഗ്യം. ഇനി ഒടുവിൽ പുതുതലമുറയെ ഹിമാലയത്തിലേക്ക് പറഞ്ഞുവിടുന്ന സീനിൽ ലോകത്തെവിടെപ്പോയാലും അമ്മയിലേക്ക് തിരിച്ചുവരുന്ന വികാരഭരിതമായ ഒരു പ്രസംഗമുണ്ട്.( കാര്യമെന്തൊക്കെ പറഞ്ഞാലും അമ്മയുടെ ഭക്ഷണവും മൂഡും പറയുന്ന രംഗമാണ് ഈ സിനിമയിലെ കാണാൻ കൊള്ളാവുന്ന ഒരു രംഗം) നായകൻ എവറസ്റ്റൊക്കെ കീഴടക്കിയ ആളാണ്.

വായിക്കാന്‍ സന്ദര്‍ശിക്കുക: ഏകദിന ക്രിക്കറ്റില്‍ 400 റണ്‍സ് കടന്നത് പുരുഷന്‍മാരല്ല

മാത്രമല്ല നേപ്പാളിൽ വച്ച് ആകസ്മികമായി ചൈനക്കാരിയുമായുണ്ടാക്കിയ പ്രണയം( നോട്ട് ദാറ്റ് പോയിന്റ്) ഉപേക്ഷിച്ച ആളാണ്. ചൈനയുമായി യുദ്ധം ചെയ്തവരാണല്ലോ നമ്മൾ. മറ്റെല്ലാ ചിന്തകളുമുപേക്ഷിച്ച് പുതുതലമുറ ഹിമാലയത്തിലേക്ക് പോയ് വരണം എന്ന് സിനിമയുടെ ഒടുവിൽ പറയുന്നതിൽ നിങ്ങൾക്ക് ഒരു രാഷ്ട്രീയവും കാണാൻ കഴിഞ്ഞില്ലല്ലോ.. ഭാഗ്യം.

നമ്മൾ സിനിമകാണുമ്പോൾ രാഷ്ടീയം മറക്കും എന്നതാണ് ഇത്തരം സിനിമകൾ കാണുമ്പോൾ ആകെയുള്ള ഒരു റിലാക്സേഷൻ. സിനിമയെക്കുറിച്ച് വേറെ ചിലത് പറയാനുണ്ട് അത് മറ്റൊരിക്കൽ. ഇങ്ങനെ ഉപദേശി സിനിമകളുടെ ആനയെയും തെളിച്ചുകൊണ്ട് അനൂപ് ഇനിയും ഈ നടവഴിയിലൂടെ വരും എന്ന് കരുതിക്കൊണ്ട് നിർത്തട്ടെ..

എന്‍ ബി സുരേഷ് ഫേസ് ബുക്കില്‍ കുറിച്ചത്‌: https://bit.ly/3asQLRg

Leave A Reply

Your email address will not be published.