Mocifi.com
Art is not a luxury, but a necessity.

കിളി പറപ്പിക്കുന്ന ചില സിനിമകൾ

സുജീഷ് എം എസ്

ചില സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ പൂർണ്ണമായും മനസ്സിലാവണം എന്നില്ല, അതു ആ സിനിമകൾ മോശം ആയത് കൊണ്ടല്ല, നിങ്ങളുടെ ചിന്തകൾക്കും അപ്പുറത്തേക്ക് ആ സിനിമകൾ സഞ്ചരിച്ചത് കൊണ്ടാവും.

നോളൻ സിനിമകൾ അതിനു ഒരു വലിയ ഉദാഹരണമാണ്. നോളന്റെ സിനിമകൾ മിക്കവർക്കും പരിചിതം ആയതുകൊണ്ട് തന്നെ മറ്റു ചില ചിത്രങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ സിനിമകൾ , കണ്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ കിളി പറക്കും, കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് അവയെ കുറിച്ച് കൂടുതൽ അറിയാൻ ആകാംഷയുണ്ടാവും, കൂടുതൽ അറിഞ്ഞു കഴിഞ്ഞാൽ വീണ്ടും കാണാൻ തോന്നും, അങ്ങനെ വീണ്ടും കാണുമ്പോൾ കൂടുതൽ ഇഷ്ടപ്പെടും, അങ്ങിനെ ഈ ലോക്ക്ഡൗൺ കഴിഞ്ഞു കിട്ടും.

1. പ്രീഡസ്റ്റിനേഷൻ ( Predestination )

അപ്പോൾ എന്റെ ചോദ്യം ഇതാണ്, ആരാണ് ഞാൻ. ഈ സിനിമ (Predestination) കണ്ടു കഴിയുമ്പോൾ സലിം കുമാറിന്റെ ഈ ചോദ്യം ആയിരിക്കും മനസ്സിലേക്ക് വരിക. തീർച്ചയായും കണ്ടിരിക്കേണ്ട ടൈം ട്രാവൽ ആസ്പദമാക്കി എടുത്ത ഒരു സിനിമയാണ് പ്രീഡസ്റ്റിനേഷൻ (Predestination). രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബോംബ് സ്ഫോടനങ്ങൾ നടത്തുന്ന ഫിസ്സിൽ ബോംബർ എന്ന അപരനാമത്തിൽ അറിയുന്ന കൊലയാളിയെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ടൈം ട്രാവൽ ഏജന്റിന്റെ കഥയാണിത് (Predestination).

ഇതിനായി ഇയാൾ ടൈം ട്രാവൽ ചെയ്ത് ഒരു ബാറിൽ വച്ച് ഒരു നോവലിസ്റ്റിന്റെ സഹായം തേടുന്നു. അയാളാകട്ടെ ഒരു സ്ത്രീയായി ജനിച്ച്, ഹോർമോൺ വ്യതിയാനം സംഭവിച്ച് പുരുഷനായി മാറിയതാണ്. ഇവരും ബോംബറും തമ്മിൽ എന്താണ് കണക്ഷൻ..??, ഇവർക്ക് ഈ അറ്റാക്ക് തടയാൻ സാധിക്കുമോ..?? Predestination കണ്ടു തന്നെ അറിയുക.

2. ട്രയാങ്കിൾ (Triangle)

ജെസ് എന്ന നായികയിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഓട്ടിസം ബാധിച്ച തന്റെ മകനുമൊത്ത് ഒരു ബോട്ട് യാത്രക്ക് ഒരുങ്ങുകയാണ് ജെസ്.

ജെസ്സിന്റെ സുഹൃത്ത് ഗ്രെഗ് പിന്നെ അവന്റെ കുറച്ചു സുഹൃത്തുക്കളും ഒരു സഹായിയും അടക്കം 6 പേരാണ് ഈ യാത്രയിൽ ഉള്ളത്. യാത്ര തുടങ്ങുന്ന പോർട്ടിലേക്ക് ജെസ് എത്തുന്നത് പക്ഷെ ഒറ്റക്കാണ്, മകനെ സ്കൂളിൽ വിട്ടു എന്നാണ് ഇവർ പറയുന്നത്.

ജെസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്, പ്രധാനമായും ഈയിടെ കാണുന്ന ചില സ്വപ്നങ്ങളാണ്. യാത്ര തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും ജെസ് തന്റെ മനോനിലയൊക്കെ വീണ്ടെടുക്കുന്നു ,പക്ഷെ ആ യാത്ര അവരെ കൊണ്ടെത്തിക്കുന്നത് മറ്റൊരു വലിയ ദുരന്തത്തിലേക്കാണ്.

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്

കടലിൽ പെട്ടെന്നു രൂപപ്പെടുന്ന ഒരു കൊടുങ്കാറ്റിൽ പെട്ട് അവർ സഞ്ചരിച്ച ബോട്ട് തകരുന്നു, ഈ സമയം ആവഴി വരുന്ന ഒരു യാത്ര കപ്പലിൽ അവർ രക്ഷക്കായി കയറുന്നു. അതിൽ പക്ഷെ യാത്രക്കാരെ ഒന്നും കാണാൻ സാധിക്കുന്നില്ല, അതുമല്ല ജെസ്സിനു ഇതിന്റെ അകമൊക്കെ എവിടെയോ കണ്ടു മറന്നതുപോലെ അനുഭവപ്പെടുന്നു.

ആരൊക്കെയോ ആ കപ്പലിൽ തങ്ങളെ പിന്തുടരുന്നതുപോലെ ഒരു തോന്നൽ, ആ തോന്നൽ വെറുതെയല്ല എന്നു അവർക്ക് നേരെയുണ്ടാവുന്ന ആക്രമണത്തിൽ നിന്നു മനസ്സിലാവുന്നു.. ആരാണ് അവരെ ആക്രമിക്കുന്നത്…?? ഇവിടെനിന്നു ഒരു രക്ഷപ്പെടൽ സാധ്യമാണോ…??

പ്ലോട്ട് കണ്ടിട്ട് ഒരു സാദാ ഹൊറർ ഫിലിം ആണെന്ന് വിചാരിച്ചാൽ നിങ്ങൾക്ക് തെറ്റി…സിനിമയിൽ ഇടക് കടൽ കാക്കകൾ പറക്കുന്നത് കാണിക്കുന്നുണ്ട്, അതു നിങ്ങളുടെ കിളി പറക്കുന്നത് സംവിധായകൻ സിംബോളിക്കൽ ആയി കാണിക്കുന്നതാണെന്നു വൈകാതെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും..

3. ദി വൈലിങ് (The Wailing)

IFFK കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നു ഈ സിനിമ തിയേറ്ററിൽ നിന്നു കാണാൻ സാധിച്ചു എന്നുള്ളതാണ്. തിയേറ്ററിൽ കണ്ട ഏക കൊറിയൻ ചിത്രം.

കൊറിയയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ഒരു പ്രത്യേക രോഗം ബാധിച്ച് കുറച്ചു പേർ മരണമടയുന്നു. ഗ്രാമത്തിൽ അടുത്തിടെ വന്ന ഒരു അപരിചിതനിലേക്ക് സംശയം നീളുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്ന ഓഫീസർ ജോംഗ് ഗൂ ആകട്ടെ വളരെയധികം പേടി ഉള്ള ഒരാളാണ്.

അന്വേഷണം പുരോഗമിക്കുന്തോറും ഭീതിജനകമായ കാര്യങ്ങൾ പുറത്തു വരുന്നു, കൂടാതെ ഇതിൽ നിന്നു തന്റെ മകളെ കൂടെ രക്ഷിക്കുക എന്ന ദുർഘടമായ ദൗത്യവും നായകനിൽ വന്നു ചേരുന്നു.

സാധാരണ ഹൊറർ സിനിമകളിൽ ഒക്കെ കാണുന്ന പോലെ പെട്ടെന്ന് സൗണ്ട് കേൾപ്പിച്ച് പേടിപ്പിക്കുന്ന പരിപാടിയൊന്നും ഈ സിനിമയിൽ ഇല്ല, പകരം സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഭീതി പ്രേക്ഷകരിലേക്കും പകർന്നു നൽകുകയാണ് ചെയ്യുന്നത്.

ഒരു ഹൊറർ മൂഡിൽ തുടങ്ങി മിസ്റ്ററി ത്രില്ലെറിലേക്കും ചിത്രം മാറുന്നു. സിനിമ കണ്ടു കഴിഞ്ഞാലും കുറച്ചു ദിവസം നിങ്ങൾ ഇതിന്റെ പുറകെ ആയിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്…

4. എക്‌സ് മെഷീനാ ( Ex Machina)

പ്രമുഖ ഐടി കമ്പനിയിലെ യുവ എൻജിനീയറായ സ്മിത്തിന് ഒരു ഓഫർ ലഭിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു പ്രൈവറ്റ് ഐലൻഡിൽ ഉള്ള കമ്പനി ceo-യുടെ വസതിയിൽ ഒരാഴ്ച്ച ചിലവഴിക്കാൻ ഒരവസരം, കൂട്ടത്തിൽ അവിടെയുള്ള ലാബിൽ ക്രീയേറ്റ് ചെയ്ത ലേഡി റോബോട്ടിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശോധിക്കുകയും വേണം. ക്ഷണം സ്വീകരിച്ച് അവിടെയെത്തുന്ന സ്മിത്തിന് ലാബിൽ നടക്കുന്ന കാര്യങ്ങളിൽ ചില പന്തികേടുകൾ തോന്നുന്നു.

റോബോട്ടുമായുള്ള സംസാരങ്ങളിലൂടെ അവർ മാനസികമായി അടുക്കുന്നു, അവിടെ നടക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങൾ റോബോട്ടിലൂടെ സ്മിത്തിന് മനസ്സിലാവുന്നു, ശേഷം സ്ക്രീനിൽ…..ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ലോകത്ത് ഉണ്ടാക്കാൻ പോവുന്ന മാറ്റങ്ങൾ എന്തായിരിക്കും…?? കണ്ടറിയുക…

ഇതിനുമുൻപ് പറഞ്ഞ സിനിമകളെ പോലെയല്ല, തുടക്കം അത്യാവശ്യം ക്ഷമയോടെ കണ്ടിരിക്കേണ്ട ചിത്രമാണിത്. അതു കഴിഞ്ഞാൽ ചിത്രം നിങ്ങളെ പിടിച്ചിരുത്തും എന്നത് ഉറപ്പാണ്.

5. ആന്നിഹിലേഷൻ (Annihilation)

എക്‌സ് മഷീനയുടെ സംവിധായന്റെ തന്നെ മറ്റൊരു ചിത്രമാണ് ആനിഹിലേഷൻ. ഒരു സയൻസ് ഫിക്ഷൻ ആയിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആർമിയിൽ നിന്നു വിരമിച്ച ശേഷം അധ്യാപികയായി ജോലി ചെയ്യുകയാണ് ലെന.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു മിലിട്ടറി ഓപ്പറേഷനു പോയി കാണാതായ ലെനയുടെ ഭർത്താവ് ഒരുദിവസം തിരിച്ചു വരുന്നു. അയാൾക്ക് പക്ഷെ ഇതിനുമുൻപ് നടന്ന കാര്യങ്ങൾ ഒന്നും തന്നെ ഓർമയില്ല. എന്തൊക്കെയോ അലട്ടുന്ന അയാൾക്ക് അന്ന് തന്നെ വയ്യാതാവുകയും ലെന ഇയാളെയും കൊണ്ട് ഹോസ്പിറ്റലിലക്ക് പോവുകയും ചെയ്യുന്നു.

അമേരിക്കയുടെ ഒരു ഭാഗത്ത് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഉൽക്ക പോലെയെന്തോ വന്നു വീണിരുന്നു, ആ സ്ഥലത്തിന് ചുറ്റും ഇപ്പോൾ ഒരു വലയം പോലെയെന്തോ ഉണ്ട്, അമേരിക്കൻ ആർമി അതിനെ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

“ഷിമ്മർ” എന്നു വിളിക്കുന്ന ഈ പ്രേദേശത്തിനുള്ളിലേക്ക് പോയവരാരും തന്നെ തിരിച്ചു വന്നിട്ടില്ല ഒരാൾ ഒഴികെ, ലെനയുടെ ഭർത്താവ്. ഇതിനെക്കുറിച്ച് ലെന അറിയുകയും, ഈ ഷിമ്മറിന്റെ രഹസ്യമറിയാൻ ഉണ്ടാക്കിയ പുതിയ ടീമിൽ ലെന ചേരുകയും ചെയ്യുന്നു. സ്ത്രീകൾ മാത്രം അടങ്ങിയ ഈ ടീം ഷിമ്മറിന് അകത്തേക്ക് പ്രവേശിക്കുന്നു,

പിന്നീട് അവർക്ക് എന്തു സംഭവിക്കുന്നു..?? എന്താണീ ഷിമ്മർ..? അങ്ങിനെ നിരവധി ചോദ്യങ്ങൾക്ക് പിന്നീട് ഉത്തരം ലഭിക്കും. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം, കൂടെ മികച്ച ഒരു പ്ലോട്ടും. സംവിധായകന്റെ ഇറ്റിനുമുന്പത്തെ ചിത്രം എക്‌സ് മെഷീന പോലെതന്നെ പതിഞ്ഞ താളത്തിൽ തുടങ്ങി, ഒരു സയന്റിഫിക് ത്രില്ലെറിലേക്ക് ചിത്രം മാറുന്നു.

www.ekalawya.com | www.vayicho.com | www.shenews.co.in

Leave A Reply

Your email address will not be published.