Mocifi.com
Art is not a luxury, but a necessity.

വയലാറിനുവേണ്ടി ശ്രീകുമാരന്‍ തമ്പിയെ ദേവരാജന്‍ മാസ്റ്റര്‍ തഴഞ്ഞു

മനോജ് കോമത്ത്‌

അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അതിമൃദുവായ കരസ്പർശത്തിലൂടെ അദ്ദേഹം നമ്മളെ സ്വാഗതം ചെയ്യുമ്പോൾ മനസ്സിൽ തോന്നും – താപസതുല്യനായ കലാകാരൻ.  തീരെ ചെറുപ്പത്തിൽ അനാഥനെപ്പോലെ ആശ്രമ സങ്കേതങ്ങളിൽ വളർന്നതുകൊണ്ടാകാം ഈ സാത്വികഭാവം.
വീട്ടിലെ ദാരിദ്ര്യാവസ്ഥ ആയിരുന്നു കുട്ടിക്കാലത്തെ ‘ആശ്രമവാസ’ത്തിനു കാരണമായത്.

പഴനിയിലെ ആശ്രമത്തിൽവച്ചാണ് സംഗീതം പഠിക്കുന്നത്. യുവാവായപ്പോൾ തിരികെ നാട്ടിൽ, ഫോർട്ട് കൊച്ചിയിൽ, തിരികെയെത്തി ജോലിതേടൽ. 

സ്വന്തമായി പഠിച്ചു എന്ന് പറയാൻ സംഗീതം മാത്രം; അന്ന് അതിന് സ്കോപ്പുള്ളത് നാടകത്തിലും. നാട്ടിലും പരിസര ജില്ലകളിലും ഉള്ള നാടക കമ്പനികളിൽ ഹാർമോണിസ്റ്റ് ആയി പറ്റിക്കൂടി ജീവിക്കാൻ വക കണ്ടെത്തി. അതിൽ ചുവടുറക്കുന്നത് 1960 കളുടെ തുടക്കത്തിൽ ദേവരാജൻ മാസ്റ്ററുടെ ‘കാളിദാസകലാകേന്ദ്ര’ത്തിലെത്തുന്നതോടെയാണ്.

നാടകത്തിലും സിനിമയിലും അതിനകം ജനപ്രിയ സംഗീത സംവിധായകനായി ഏറെ പേരെടുത്തു കഴിഞ്ഞ ദേവരാജൻ മാസ്റ്ററുടെ കൂടെ പ്രവർത്തിക്കുക എന്നത് ഭാഗ്യമായി കരുതപ്പെടുന്ന കാലം. പക്ഷെ കർശനക്കാരനും മുൻകോപിയും ആയ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ പോലും മറ്റു പ്രവർത്തകർക്ക് പേടിയായിരുന്നു. ദേവരാജൻ മാസ്റ്ററെ അറിയാവുന്ന ഒരാൾ മുഖേനയാണ്  ‘കാളിദാസകലാകേന്ദ്ര’ത്തിലേക്ക് പോയത്.

അയാൾ അകത്തുചെന്ന് പറഞ്ഞു – “മാഷെ കാണാൻ ഫോർട്ട്കൊച്ചിയിൽ നിന്ന് ഹാർമോണിസ്റ്റ് അർജുനൻ വന്നിരിക്കുന്നു”. നിഷ്കരുണമുള്ള പ്രതികരണം പുറത്തു കേൾക്കാമായിരുന്നു – “അർജുനനായാലും കൊള്ളാം ഭീമനായാലും കൊള്ളാം, പണിക്കു പറ്റിയില്ലെങ്കിൽ പറഞ്ഞു വിടും”. എന്തായാലും അർജുനൻ എന്ന പയ്യൻ തന്റെ പണിക്ക് കൊള്ളുമെന്നു ദേവരാജൻ കണ്ടു. നാടകങ്ങളിൽ തന്റെ പ്രിയ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.

1965 ഒക്കെ ആയപ്പോഴേക്കും ദേവരാജൻ മാസ്റ്റർക്ക് സിനിമയിൽ തിരക്കേറി; ‘കാളിദാസകലാകേന്ദ്ര’ത്തിലേക്ക് വരവും ചുരുങ്ങി. നാടകത്തിന്റെ സംഗീത ചുമതലകൾ അർജുനനെ വിശ്വസിച്ച് ഏൽപ്പിക്കും. എങ്കിലും ദേവരാജൻ ശിഷ്യനെ സിനിമയിലേക്ക് വിളിച്ചില്ല. (ഒന്നാമത്തെ കാരണം അദ്ദേഹത്തിന് സിനിമയിൽ ഹാർമോണിസ്റ്റിനേക്കാളേറെ ഓർക്കസ്ട്ര സെറ്റ് ചെയ്യുന്ന ഒരു മ്യൂസിക് അറേഞ്ചറെ ആയിരുന്നു ആവശ്യം. അതിനദ്ദേഹം ആർ കെ ശേഖറെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

രണ്ടാമത്തെ കാരണം നല്ല കഴിവും മത്സരബുദ്ധിയും ഇല്ലങ്കിൽ പലപ്പോഴും സിനിമയിൽ അഷ്ടിക്കുള്ള വക പോലും സമ്പാദിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ്; അർജുനനെ പോലൊരു പാവം പയ്യന് അതിജീവനം ബുദ്ധിമുട്ടാകും എന്ന് തോന്നിക്കാണണം). അർജുനൻ ഒരു മോഹം എന്ന നിലയിൽ സിനിമയിൽ സ്വരരാഗശരങ്ങൾ എയ്യുന്നതു സ്വപ്നം കണ്ടു.

കോടാമ്പക്കത്ത് സിനിമാ ബന്ധങ്ങൾ ഉള്ള പരിചയക്കാർ ചിലർ നിർമ്മാതാക്കൾക്ക് മുന്നിൽ അർജുനന്റെ കാര്യം അവതരിപ്പിക്കുമായിരുന്നു. അന്നത്തെ പ്രശസ്തരെ (ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് , രാഘവൻ) കിട്ടാൻ ബുദ്ധിമുട്ടാകുമ്പോൾ, അല്ലെങ്കിൽ പണം തികയാതെ വരുമ്പോൾ ചില നിർമാതാക്കൾ പുതിയവർക്ക് അവസരം കൊടുക്കുന്ന കാര്യം പരിഗണിക്കും (തുച്ഛമായ കാശിന് – അല്ലാതെ പിന്നെ !). നാടകരംഗത്തു നിന്നുള്ളവർക്കാണ് മുൻഗണന.

അങ്ങനെ ഒടുവിൽ അർജുനനും കോടാമ്പക്കത്തു നിന്നും വിളി വന്നു. 1968ൽ  “കറുത്ത പൗർണമി ” എന്ന പടം. അന്ന് വയസ്സ് മുപ്പത്തിരണ്ട്.

എന്നാൽ ആദ്യത്തെ സന്തോഷമൊക്കെ ആശങ്കയിൽ മുങ്ങിപ്പോയി. അത്യാവശ്യം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന നാടകഗാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ സിനിമാപ്പാട്ട് എന്നാൽ നാടകഗാനവുമായി ഒരു തരത്തിലും ഉപമിക്കാനാവാത്ത ‘പ്രസ്ഥാനം’ ആണെന്ന ബോധ്യം വലിയൊരു കാർമേഘമായി നിഴൽ വീഴ്ത്തുന്നു – സ്റ്റുഡിയോ, ഓർക്കസ്ട്ര, റെക്കോർഡിങ് ഉപകരണങ്ങൾ .. ഒന്നും പരിചയം ഇല്ല. നാടകത്തിനു ചെയ്തിരുന്ന പോലെ ഹാർമോണിയം വായിച്ചു പാടികൊടുക്കുക എന്നത് നിലനിൽപ്പിന് ഒരിക്കലും സഹായിക്കില്ല.

എന്ത് ചെയ്യും ? വഴി മുട്ടുമെന്നായപ്പോൾ രണ്ടും കൽപ്പിച്ചു ദേവരാജൻ മാസ്റ്റർക്ക് കത്തെഴുതി – വന്നോളൂ വേണ്ടത് ചെയ്യാം എന്ന് ഗുരുവിന്റെ വാത്സല്യം കത്തിലൂടെ എത്തിയപ്പോൾ അർജുനൻ കൊച്ചിയിൽ നിന്ന് കോടാമ്പക്കത്തേക്ക് വണ്ടികയറി. (ഈ എഴുത്തിനും മറുപടിക്കും ഒന്നൊന്നര മാസം എടുത്തുവെന്നത് പുറത്തു പറയേണ്ട – ഇന്നത്തെ വാട്സാപ്പ് പിള്ളേർക്ക് താങ്ങാൻ ആവില്ല).

ദേവരാജൻ മാഷെ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ കൂടെ പുസ്തകത്തിൽ ചിലതൊക്കെ കുറിച്ചുവെക്കുന്ന സഹായി നിൽക്കുന്നു. കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരനെ ‘നീയിവനെ നോക്കിക്കോണം’ എന്ന് പറഞ്ഞു കൂടെ വിട്ടു – കോടമ്പാക്കത്തെ മലയാളി സംഗീതകൂട്ടായ്മയിലെ  തമിഴൻ – ആർ കെ ശേഖർ. സാത്വികനായ അർജുനനും ‘ഓർക്കെസ്ട്രൈവ കുടുംബകം’ എന്ന മട്ടിൽ നടക്കുന്ന ശേഖറും ആദ്യ ദിവസം തൊട്ടു കൂട്ടുകാരായി. പാട്ടിൽ ഉണ്ടുറങ്ങി ജീവിച്ചു. അത് എട്ടുവർഷം (ശേഖറിന്റെ അന്ത്യം വരെ) തുടർന്നു.

ആദ്യ പടം “കറുത്ത പൗർണ്ണമി”യിൽ ഭാസ്കരൻ മാഷുടെ ഏഴു പാട്ടുകൾ അർജുനൻ ട്യൂൺ ചെയ്യുന്നു – ശേഖർ പശ്ചാത്തലം ഒരുക്കുന്നു. ഒരു പിടി മറക്കാനാകാത്ത ഗാനങ്ങൾ. അതിൽ ഏറ്റവും മികച്ചവ കേൾക്കൂ :-

ബി വസന്തയുടെ ‘പൊന്നിലഞ്ഞി ചോട്ടിൽ’-

https://www.youtube.com/watch?v=DVGxvl3gqpY


എസ്  ജാനകിയുടെ ‘മാനത്തിൻ മുറ്റത്ത്’ – 

(https://www.youtube.com/watch?v=-XtR6mXHJKY )


യേശുദാസിന്റെ ‘ഹൃദയമുരുകി നീ’ –

https://www.youtube.com/watch?v=FYWliS593rI 


‘പൊൻകിനാവിൻ’ –

https://www.youtube.com/watch?v=i6N9vVZD7Xw 

പ്രിയ ശിഷ്യന്റെ പാട്ടുകളുടെ റെക്കോർഡിങ്ങിന് ചെന്നുവെങ്കിലും ദേവരാജൻ മാസ്റ്റർ കൂടുതൽ ഒന്നും പ്രോത്സാഹിപ്പിച്ചില്ല. അർജുനന് കോടമ്പാക്കത്ത് പറ്റിക്കൂടി നിൽക്കാൻ വേറെ കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെ നാട്ടിലെ നാടകകൂട്ടത്തിലേക്ക് തിരികെ.പക്ഷെ കാലം കാത്തുവെച്ചത് മലയാള സിനിമാ സംഗീതത്തിലെ ഉന്നത സ്ഥാനം തന്നെയായിരുന്നു. ശ്രീകുമാരൻ തമ്പി – എം കെ അർജുനൻ എന്ന ഹിറ്റ് മേക്കിങ് കൂട്ടുകെട്ട് രൂപപ്പെടുത്താൻ പിറ്റേ വർഷം വീണ്ടും മദ്രാസിലേക്ക്.
……………………………………………………………………………………………………………………

ഈ കഥ പറയുന്നത് ശ്രീകുമാരൻ തമ്പിയാണ് – അതിനൊരു പശ്ചാത്തലവുമുണ്ട്.

കോളേജ് പഠനം കഴിഞ്ഞു കവിയും കഥാകൃത്തും ആയി അറിയപ്പെട്ടു തുടങ്ങിയ തമ്പി സുബ്രഹ്മണ്യം മുതലാളിയുടെ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിന് പാട്ടെഴുതിക്കൊണ്ട് 1966ൽ കോടമ്പാക്കത്ത് എത്തി. അദ്ദേഹത്തിന്റെ തന്നെ കഥ എടുത്തു മുത്തയ്യ ‘ചിത്രമേള’ എന്ന സിനിമയാക്കിയപ്പോൾ തിരക്കഥ എഴുതാൻ അവസരം കിട്ടി. പാട്ടും കൂടി എഴുതാൻ ശ്രീകുമാരൻ തമ്പി നിർമാതാവിന്റെ സമ്മതം നേടി. കാരണം സംഗീത സംവിധായകൻ ദേവരാജൻ ആണ്.

അന്ന് ഏതൊരു കവിയും ഗാനമെഴുതാനും അത് ദേവരാജൻ ഈണമിടാനും കൊതിച്ചിരുന്ന സമയം.

‘ചിത്രമേള’യിൽ തമ്പി എന്ന പുതുക്കക്കാരനെ ദേവരാജൻ ഒട്ടും സന്തോഷത്തോടെ അല്ല സ്വീകരിച്ചത്. നാടക കാലത്തുള്ള പരിചയം മുൻനിർത്തി വയലാറിന്റെയും ഭാസ്കരന്റേയും ഓ എൻ വിയുടെയും പാട്ടുകളേ അദ്ദേഹം സ്വീകരിക്കുമായിരുന്നുള്ളൂ – (അതിൽ പ്രിയം കൂടുതൽ  വയലാറിനോട് ). ആ സമയമാകുമ്പോഴേക്ക് പത്തുമുപ്പതു പടങ്ങൾ ചെയ്തു മലയാളസിനിമാ സംഗീതത്തിൽ ദേവരാജൻ ഒരു ശക്തികേന്ദ്രം ആയിക്കഴിഞ്ഞിരുന്നു – എന്നുവച്ചാൽ പ്രൊഡ്യൂസറുടെയും ഡയറക്ടറുടെയും അഭിപ്രായം അനുസരിക്കാതെ സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള നില.

മുത്തയ്യ ദേവരാജന്റെ കാലുപിടിച്ചു പാട്ടുകൾ അതുമതി എന്ന് സമ്മതിപ്പിച്ചു. ‘അപസ്വരങ്ങൾ’ എന്ന തമ്പിയുടെ കഥയാണ് സിനിമയായത്. ആദ്യത്തെ പാട്ടിന്റെ തുടക്കവും അതുതന്നെ. ദേവരാജൻ അത് കണ്ടയുടൻ ഒച്ചയെടുത്തു – ആദ്യപാട്ടു തന്നെ ‘അപസ്വരം’ എന്നുവെച്ചു തുടങ്ങരുത് . മാറ്റാൻ പറ്റില്ലെന്നു തമ്പിയും. അത് ഒരുവിധം കോമ്പ്രമൈസ് ആയി.

പാട്ടു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ട്യൂൺ ആയോ എന്നറിയാൻ തമ്പി മുറിയിൽ എത്തിനോക്കിയത് ദേവരാജനെ പ്രകോപിപ്പിച്ചു. “നീ  അഹങ്കാരിയാ , ഇനി മേലിൽ നിന്റെ പാട്ടു ഞാൻ എടുക്കില്ല”. അദ്ദേഹത്തിന്റെ തീരുമാനം ശിലയെക്കാൾ കടുപ്പമാണ്. ‘ചിത്രമേള’യുടെ വൻവിജയം പോലും ആ മനസ്സ് ഇളക്കിയില്ല.

ഈ ടീം തന്നെ തന്റെ പടം ചെയ്യണം എന്ന് ദേവരാജന്റെ വളരെ അടുത്ത ഒരു പ്രൊഡ്യൂസർ അടുത്ത വര്ഷം തീരുമാനിച്ചപ്പോൾ ഒടുവിൽ അദ്ദേഹം ഒന്ന് അയഞ്ഞു – “ഇതോടെ മതി. ഇനി ഇല്ല, കേട്ടോ”. അങ്ങനെ ആണ് “വെളുത്ത കത്രീന”യിൽ തമ്പി വീണ്ടും ദേവരാജന് എഴുതുന്നത്. അതിലെ ഏഴു പാട്ടും എണ്ണം പറഞ്ഞ ഹിറ്റുകൾ.

അതോടെ ശ്രീകുമാരൻ തമ്പിക്ക് പ്രതീക്ഷയായി – ദേവരാജൻ മാഷ് തന്റെ നിലപാട് മാറ്റും ; തങ്ങളുടെ ടീം മലയാളത്തിൽ കസറും.
നേരെ ചെന്ന് മാഷെ കണ്ടു – “നമുക്ക് ഇനിയും പാട്ടു ചെയ്യണ്ടേ മാഷെ ?”

കടുത്ത മറുപടി – “വേണ്ടെന്നു പറഞ്ഞു കഴിഞ്ഞല്ലോ”
മുൻകോപത്തിന് പെട്രോൾ ഒഴിച്ചുകൊടുക്കുന്നതായിരുന്നു തമ്പിയുടെ മറുചോദ്യം – “എന്താണ് കാരണം ?”
മറ്റൊരു തലത്തിലായിരുന്നു മറുപടി – “അത്… കുട്ടൻ ദോഷിയ്ക്കും..”

കുട്ടൻ എന്നാൽ സാക്ഷാൽ വയലാർ. ദേവരാജൻ സംഗീതത്തിൽ എങ്ങനെയോ അതുപോലെ ഗാനരചനയിൽ കിങ്പിൻ ആവണമെന്ന് ഉള്ളാലെ ആഗ്രഹിച്ച സുഹൃത്ത് . അദ്ദേഹത്തിന് തമ്പിയുടെ വളർച്ചയിൽ നീരസം ഉണ്ടായിരുന്നു എന്ന് വ്യംഗ്യം. വയലാറിനെ സൈഡ് ലൈൻ ചെയ്യാൻ ദേവരാജന് താൽപ്പര്യം ഇല്ലെന്നു കേട്ടപ്പോൾ തമ്പി ഇങ്ങനെ പ്രതിവചിച്ചു : “അതിനെന്താ മാഷേ , നമ്മുടെ പാട്ടുകൾ വലിയ ഹിറ്റായി ജനം ആസ്വദിച്ചല്ലോ ..”
സ്വതഃസിദ്ധമായ രീതിയിൽ ദേവരാജന്റെ മറുപടി : “ങ്ങാ , അത് തന്നെയാ കുഴപ്പം “

അപ്പോഴേക്കും തമ്പിയുടെ നിയന്ത്രണം വിട്ടു :” അതിപ്പോ, മാഷല്ല മാഷുടെ ഹാർമോണിസ്റ്റ് ട്യൂൺ ചെയ്താലും എന്റെ പാട്ടുകൾ ഹിറ്റാവും..”

നിരാശയിൽ നിന്നായിരുന്നു ആത്മവിശ്വാസവും അഹങ്കാരവും ആറ്റിക്കുറുക്കിയ ഈ പ്രയോഗം. സംഗീതസംവിധായകന്റെ പിന്നാലെ ചെറു സഹായം ചെയ്തു കഴിഞ്ഞുകൂടുന്ന ഗുണം പിടിക്കാത്ത സാധുക്കളെയാണ് ‘ഹാർമോണിസ്റ്റ് ‘ എന്നതുകൊണ്ട് ഉദ്ദേശിച്ചത് – ഏതെങ്കിലും വ്യക്തിയുടെ പേര് മനസ്സിൽ ഉണ്ടായിരുന്നില്ല.1968 ഒടുവിലായിരുന്നു സംഭവം. ദേവരാജനുമായി ഉടക്കിപ്പിരിഞ്ഞു ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തിയുടെ കൂടെ ഹിറ്റുകൾ ഉണ്ടാക്കാൻ തുടങ്ങി.

ഒരു വർഷം കഴിഞ്ഞു കാണും, ഒരു ദിവസം പ്രശസ്ത പ്രൊഡ്യൂസർ കെ പി കൊട്ടാരക്കര വിളിക്കുന്നു – പുതിയ പടം തീരുമാനിച്ചു ; “റസ്റ്റ് ഹൌസ് “. പാട്ടുവേണം.

സംഗീത സംവിധായകൻ ആരാണ് എന്ന് ചോദിച്ചപ്പോൾ “തീരുമാനം ആയില്ല” എന്ന് മറുപടി. ആയിടയ്ക്ക് നാട്ടിൽ പോയപ്പോൾ റേഡിയോയിൽ ‘കറുത്ത പൗർണമി’ യിലെ പാട്ടുകൾ കേട്ട് ഇഷ്ടമായി. അതിൽ ആരാണ് സംഗീതം ചെയ്തതെന്ന് അറിയാൻ കഴിഞ്ഞില്ല. (കോടമ്പാക്കത്ത് സ്റ്റുഡിയോകളിൽ പതിവായി പാട്ടു റെക്കോർഡ് ചെയ്യുമെങ്കിലും വിശദാംശങ്ങൾ എളുപ്പം മറ്റുള്ളവർക്ക് അറിയാൻ പറ്റുമായിരുന്നില്ല.

പാട്ട് വിനൈൽ റെക്കോർഡ് ആയി റിലീസ് നടന്നാലാണ് മറ്റുള്ളവർക്ക് കേൾക്കാൻ അവസരം കിട്ടുക. ആകാശവാണി പുതിയ റെക്കോർഡുകൾ പ്രക്ഷേപണം ചെയ്യുന്നത് കൊണ്ട് കേരളത്തിലെ റേഡിയോ പ്രേമികൾക്ക് മലയാളം പാട്ടുകൾ ചൂടോടെ കേൾക്കാൻ കഴിയും). സ്റ്റുഡിയോയിൽ എത്തി ആർ കെ ശേഖറിനോട് ചോദിച്ചപ്പോൾ ആളുടെ വിശദവിവരങ്ങൾ കിട്ടി. നിർമാതാവിനോട് പറഞ്ഞു അയാളെ വിളിപ്പിച്ചു.

നാട്ടിൽ നിന്ന് എത്തിയ അർജുനൻ സ്വയം പരിചയപ്പെടുത്തിയത് ഇങ്ങിനെയാണ്‌ – ” ഞാൻ ദേവരാജൻ മാഷുടെ ഹാർമോണിസ്റ്റ് ആയിരുന്നു ” അമ്പരപ്പുകൊണ്ട് വാപൊളിച്ചു പോയി – ഇങ്ങനെയുണ്ടോ ഒരു വിധിവിളയാട്ടം – എന്തായാലും വെല്ലുവിളി അക്ഷരാർത്ഥത്തിൽ വിജയിച്ചു. മലയാളത്തിലെ എടുത്തുപറയാവുന്ന മ്യൂസിക്കൽ ഹിറ്റുകളിൽ ഒന്നായി മാറി “റസ്റ്റ് ഹൌസ് “.അന്നത്തെ മുതിർന്ന സംഗീത സംവിധായകരെ (ദേവരാജനെപ്പോലും) വെല്ലുവിളിച്ചുകൊണ്ട് ആ വർഷത്തെ ഏറ്റവും മികച്ച മ്യുസിക്കൽ ഹിറ്റായി “റസ്റ്റ് ഹൌസ് “.

‘പൗർണമി ചന്ദ്രിക’ https://www.youtube.com/watch?v=WpNSLiCqDyE 

‘യദുകുല രതിദേവനെവിടെ’ https://www.youtube.com/watch?v=tnq0FOi7Zv4 

‘പാടാത്ത വീണയും’ (https://www.youtube.com/watch?v=ElYby0K4luY )
‘മുത്തിലും മുത്തായ’ (https://www.youtube.com/watch?v=pCZZrX_-fSI )
(ഈ പാട്ടുകൾ നിങ്ങൾ മുൻപ് പലതവണ കേട്ടുകാണും – ഓർക്കസ്ട്രേഷനിൽ ഒരു ‘ദേവരാജൻ മണം’ ശ്രദ്ധിച്ചുവോ ? അതിന്റെ രഹസ്യം ഇനി പറയേണ്ടല്ലോ).
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും വിധം മൗലികമായ, സുന്ദരമായ പശ്ചാത്തല സംഗീതം.

അർജുനൻ മാഷുമായുള്ള തന്റെ കൂട്ടുകെട്ടിനെ തമ്പിസാർ സമാനതാല്പര്യമുള്ള യുവകലാകാരന്മാരുടെ സൗഹൃദസമാഗമം ആയിട്ടാണ് കാണുന്നത് – കാരണം അന്ന് താൻ പാട്ടെഴുതിക്കൊണ്ടിരുന്നത് പ്രായം കൊണ്ടും അനുഭവം കൊണ്ടും സീനിയർ ആയ സംഗീത സംവിധായകർക്ക് ആയിരുന്നു. അർജുനൻ സിനിമയിൽ നവാഗതനായ ചെറുപ്പക്കാരൻ. ഒരുമിച്ചിരുന്ന് പാട്ടുണ്ടാക്കുമ്പോൾ ഒരുപാട് സ്വാതന്ത്ര്യം അന്യോന്യം എടുക്കാൻ കഴിയും.

ശ്രീകുമാരൻ തമ്പി ഒരു കാര്യം കൂട്ടിച്ചേർക്കുന്നു – “ഗാനത്തിന്റെ രസതന്ത്രം വിജയകരമായി പ്രയോഗിച്ച ഞങ്ങളുടെ ടീമിൽ വാസ്തവത്തിൽ രണ്ടല്ല ; മൂന്നുപേർ ഉണ്ടായിരുന്നു. ആ മൂന്നാമൻ ആർ കെ ശേഖറാണ് “.

അന്നത്തെ സംഗീത സംവിധായകർ എല്ലാം അടിസ്ഥാനപരമായി വായ്പ്പാട്ടുകാർ ആയിരുന്നല്ലോ. വരികൾ പാടി നല്ലൊരു ഈണം ആയാൽ സ്വരങ്ങൾ കുറിച്ചുവെക്കും. ഗായകർക്ക് അതുവച്ചു പരിശീലനം കൊടുക്കും. പശ്ചാത്തല സംഗീതത്തിന് ഓർക്കസ്ട്ര സെറ്റ് ചെയ്തു പരിചയമുള്ള ഒരാളെ ഏൽപ്പിക്കും. ‘വായിക്കുന്നത്’ അയാളുടെ സൗകര്യം.

സംഗീതോപകരണ വായന സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ദേവരാജൻ കുറെയൊക്കെ പശ്ചാത്തല ‘നൊട്ടേഷനുകൾ’ തയ്യാറാക്കി ശേഖറിന് നൽകും. ശേഖറിന്റെ മനോധർമ്മം കൂടി ആകുമ്പോഴാണ് ‘ദേവരാജൻ മാജിക് ‘ പ്രാവർത്തികമാകുന്നത്. പാവം അർജുനനാകട്ടെ പശ്ചാത്തല ഉപകരണവായനയോ പാശ്ചാത്യ ‘നൊട്ടേഷനുകളോ ‘ ഒന്നും വശമില്ല. കൂടെ ശേഖർ ഉള്ളതിനാൽ എല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം.

ശ്രീകുമാരൻ തമ്പിസാർ നിരീക്ഷിക്കുന്നത് എത്ര അന്വർത്ഥമാണ് – “അർജുനൻ മാസ്റ്ററുടെ പാട്ടുകൾ വാസ്തവത്തിൽ ‘അർജുനൻ-ശേഖർ’ ദ്വയത്തിന്റെ പാട്ടുകളാണ് “.
 ……………………………………………………………………………………………………………………
ദേവരാജൻ മാസ്റ്റർ കത്തി നിൽക്കുന്ന കാലമാണ് . എന്നിരുന്നാലും തന്റെ പാട്ടുകളുടെ റെക്കോർഡിങ് ഉണ്ടാകുമ്പോൾ അർജുനൻ ഗുരുവിനെ ക്ഷണിക്കും – അദ്ദേഹം സമയമുണ്ടാക്കി ആദ്യ ദിവസം ചെല്ലും. (മാഷ്ക്കും വലിയ ബുദ്ധിമുട്ടില്ല – അന്നൊക്കെ വർഷത്തിൽ ഒന്ന് വീതമാണ് അർജുനന് ചാൻസ് കിട്ടിക്കൊണ്ടിരുന്നത്  !).
1969 ലെ “റസ്റ്റ് ഹൌസ്”ന്റെ റെക്കോർഡിങ്ങിന് ദേവരാജൻ വന്ന കാര്യം ശ്രീകുമാരൻ തമ്പി ഓർക്കുന്നു. തമ്പിയുമായി അസ്വാരസ്യം നിലനിൽക്കുമ്പോഴും അർജ്ജുനനോടുള്ള സ്നേഹത്തിനായിരുന്നു മുൻതൂക്കം.

ആദ്യത്തെ പാട്ട് മാഷെ പാടിക്കേൾപ്പിച്ചു – മോഹനത്തിൽ ചെയ്ത ‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരിച്ചു ..’ അർജുനൻ ഒരു നാടകഗാനം പോലെ നേരെയങ്ങു പാടി. ഉടൻ വന്നു മാഷുടെ സംക്ഷിപ്തമായ നിർദേശങ്ങൾ . തുടക്കത്തിൽ ‘പൗ’ ഊന്നണം (കാരണം ചന്ദ്രൻ ഉയരെ ആണ്); ‘തൊട്ടു വിളിച്ചു’ കഴിഞ്ഞ് ഒരടി തള്ളി എടുക്കണം (അതായത് ഒരു ബീറ്റ് ഇടവേള. ചന്ദ്രിക വിളിച്ചാൽ പത്മരാഗത്തിനു പുഞ്ചിരിക്കാൻ ഒരിട കൊടുക്കണമല്ലോ !).

ഇതാ ആ പാട്ട് (ഒന്നുകൂടി) കേട്ടുനോക്കൂ – https://www.youtube.com/watch?v=4UGdU6IeEc4 .

‘പൗർണമി ചന്ദ്രിക..’ എവർഗ്രീൻ ഹിറ്റ് ആകാൻ കാരണം ഗുരുവിന്റെ മിനുക്കു പണികൾ തന്നെ. ഒരു സാദാ ലളിതഗാനത്തെ ‘സിനിമാറ്റിക് ‘ ആക്കാനുള്ള ദേവരാജൻ മാഷുടെ കഴിവിനെ നമിച്ചേ പറ്റൂ.
 ……………………………………………………………………………………………………………………
അർജുനന്റെ അടുത്ത പടം “രക്തപുഷ്പം” (1970). അന്നത്തെ നിലവാരം വച്ചുള്ള കുറെ നല്ല പാട്ടുകൾ അതിലും കാണാം.
‘സിന്ദൂരപ്പൊട്ടു തൊട്ട് ..’ (https://www.youtube.com/watch?v=NsBvqVOjJYk )
‘നീലക്കുട നിവർത്തീ ..’ (https://www.youtube.com/watch?v=8jxHGR-pYF0 )
‘മലരമ്പനറിഞ്ഞില്ല..’ (https://www.youtube.com/watch?v=W6R3Dpmooqw )
‘കാശിത്തെറ്റി പൂവിനൊരു..’ (https://www.youtube.com/watch?v=QdI3YecwG3k )
അടുത്ത പടം പിറ്റത്തെ വർഷം – “CID നസീർ” . അതിലും രണ്ട് എവർഗ്രീൻ ഹിറ്റുകൾ
ജയചന്ദ്രന്റെ ‘നിൻ മണിയറയിലെ ..’ (https://www.youtube.com/watch?v=aYqGPutPliM )
ബ്രഹ്മാനന്ദന്റെ ‘നീല നിശീഥിനീ ..’ (https://www.youtube.com/watch?v=7YX0yNgCGi8 – ഇത് ഫിലിമിലെ വേർഷൻ. ചില ബിറ്റുകൾ ഒഴിവാക്കിയാണ് റിക്കാർഡിൽ വന്നത് – https://www.youtube.com/watch?v=v0ue5HGiV00 ).
രണ്ടിലും ശേഖറിന്റെ പശ്ചാത്തലവും തമ്പിസാറിന്റെ ലിറിക്കും എപ്പോഴും മൂളാൻ തോന്നിക്കുന്നവയാണ്……………………………………………കഥ തീർന്നില്ല. 1972 -ൽ അർജുനന് കോടമ്പാക്കത്തു നിന്ന് വിളി വരുന്നു – ‘പുഷ്പാഞ്ജലി’ എന്ന പടം. നിർമാതാക്കളുടെ ഓഫീസിൽ കാലത്തെ കയറിചെന്നപ്പോൾ അകത്തെ മുറിയിൽ ഹാര്മോണിയത്തിന് മുന്നിലിരുത്തി അവർ തമ്പി എഴുതിയ പാട്ടിന്റെ കടലാസും കൊടുത്തു. പിന്നെ “ഞങ്ങളിപ്പോ വരാം ” എന്ന് പറഞ്ഞു മുറിയും പൂട്ടി പൊയ്ക്കളഞ്ഞു. അതൊരു പരീക്ഷണമായിരുന്നു – നേരത്തെ പറഞ്ഞല്ലോ, അർജുനന്റെ റെക്കോർഡിങ്ങുകൾക്കു  ദേവരാജൻ മാഷ് വരാറുണ്ടായിരുന്നു, നിർദേശങ്ങൾ കൊടുക്കാറുണ്ടായിരുന്നു എന്ന് . അതിന്റെ ബലത്തിൽ പുറത്തൊരു ശ്രുതി പരന്നു – അർജുനൻ എന്ന പുതുക്കക്കാരന് ഇക്കേട്ട ഹിറ്റുകൾ ഒക്കെ തയ്യാറാക്കിക്കൊടുക്കുന്നത് ദേവരാജനാണ്.  സ്റ്റുഡിയോയിൽ മറ്റുള്ളവരെ പ്രവേശിപ്പിക്കില്ല എന്നതിനാൽ സത്യാവസ്ഥ അറിയാനാണ് നിർമാതാക്കൾ അർജുനനെ പാട്ടുണ്ടാക്കാൻ പൂട്ടിയിട്ടത് . പരിഭവം കൂടാതെ അദ്ദേഹം ട്യൂണിട്ടു –  
അങ്ങനെ തടവിൽ പിറന്ന ഗാനമാണ് ‘ദുഃഖമേ നിനക്ക് പുലർകാല വന്ദനം…’ (https://www.youtube.com/watch?v=xbqemhUJep8 ).
അത് പാടിക്കേട്ടിട്ടും നിർമാതാക്കൾ വിട്ടില്ല – അടുത്ത കടലാസ് കൊടുത്തു ‘പ്രിയതമേ പ്രഭാതമേ ..’ എന്ന ഗാനം. ‘ഇത് ഒരു രാഗമാലികയിൽ ചെയ്യ് ..’ അതിലും അർജുനന് പ്രയാസമേതും ഉണ്ടായില്ല (https://www.youtube.com/watch?v=5ZoFGuxxNOk ). പരീക്ഷണം ക്രൂരമായിപ്പോയി എന്ന് മാത്രം. മറ്റ് ആരാണെങ്കിലും പുറത്തിറങ്ങി  “നീയൊക്കെ നിർ-മാതാവ് മാത്രമല്ലെടാ, നിർ-പിതാവ് കൂടിയാ” എന്ന് പറഞ്ഞു പൊട്ടിച്ചു കൊടുത്തേനെ. അർജുനൻ മാഷ്ക്ക് ഇന്നുമില്ല പരിഭവം.

എടുത്തുപറയത്തക്ക സാങ്കേതിക മികവുള്ള മറ്റൊരു ഗാനം കൂടി ‘പുഷ്പാഞ്ജലി’യിൽ ഉണ്ട് – പി സുശീല പാടിയ ‘നക്ഷത്ര കിന്നരന്മാർ ..’ (https://www.youtube.com/watch?v=za70a568Gmg ). വയലാർ-ദേവരാജൻ ടീമിന്റെയൊക്കെ രചനകളോട് കിടപിടിക്കുന്ന അന്നത്തെ ഒരു മോഡേൺ ഗാനം. ശേഖറിന്റെ ഓർക്കസ്ട്രേഷൻ എന്തുമാത്രംഗംഭീരമാണ് എന്ന് നോക്കുക.അർജുനൻ മാഷുടെ അടുത്ത പടത്തിൽ (“ആദ്യത്തെ കഥ” 1972 ) വയലാറാണ് വരികൾ എഴുതിയത് – അദ്ദേഹത്തിന്റെ മികച്ച രചനകളിൽ ചിലതാണവ എന്നതിൽ തർക്കമുണ്ടാവില്ല- :


ഓട്ടുവള എടുക്കാൻ മറന്നു (https://www.youtube.com/watch?v=3X4drtNm6Iw )
ഭാമിനീ ഭാമിനീ (https://www.youtube.com/watch?v=PQ9hTwuLwj4 )
ശുക്രാചാര്യരുടെ (https://www.youtube.com/watch?v=az_8FVN9_Mw )
ഇതിനെല്ലാം മൊത്തത്തിൽ ഒരു ‘ദേവരാജൻ ടച്ച് ‘ ഉണ്ടെന്നതിലും തർക്കമുണ്ടാവില്ല (അതിന്റെ സീക്രട്ട് പറയേണ്ടല്ലോ).പിന്നീട് ശ്രീകുമാരൻ തമ്പിയുടെ കൂട്ടുകെട്ടിലേക്കു തിരികെ – വീണ്ടും ഒരുപിടി മധുരഗാനങ്ങൾ (അതിമധുരമായ ഓർക്കസ്ട്രേഷനും ).
1972 ൽ “അന്വേഷണം”


പഞ്ചമി ചന്ദ്രിക (https://www.youtube.com/watch?v=R5VhZgNFZcw )
ചന്ദ്ര രശ്മിതൻ (https://www.youtube.com/watch?v=v_ld98XaDXw )
മാനത്തു നിന്നൊരു (https://www.youtube.com/watch?v=9AQCJdf88G8 )
 

1973 ൽ “അജ്ഞാതവാസം”
മുത്തു കിലുങ്ങി ..(https://www.youtube.com/watch?v=UDUMlmoYugw )
 ………………………………………..

വയറിൽ ട്യൂമർ ബാധിച്ചു ദീർഘകാലം ചികിത്സക്ക് വിധേയമായിട്ടാണ് ശേഖർ മരിക്കുന്നത് – 1976 ൽ. ശേഖറിന്റെ വിയോഗം സിനിമാ വൃത്തങ്ങളിൽ ഒരു ഷോക്ക് ആയിരുന്നില്ല. എന്തെന്നാൽ അദ്ദേഹത്തിന്റെ രോഗാവസ്ഥയും ചികിത്സയും ഒക്കെ കണ്ടവർക്ക് പരിണതഫലം പ്രതീക്ഷിക്കാമായിരുന്നു. അതിലുപരി കേവലം നാൽപ്പത്തി മൂന്നാം വയസ്സിലെ ശേഖറിന്റെ മരണം കുടുംബത്തിന് എന്തുമാത്രം ആഘാതമായി എന്ന് പ്രത്യേകം പറയേണ്ടതില്ല.

ഭാര്യ കസ്തൂരിക്ക് അന്ന് മുപ്പതുവയസ്സു തികഞ്ഞിട്ടില്ല. മൂത്തമകൾ കാഞ്ചനക്ക് പതിനൊന്നും മകൻ ദിലീപ് കുമാറിന് ഒൻപതും വയസ്സ്. ബാലയും രേഖയും തീരെ കുഞ്ഞുങ്ങൾ.
കുടുംബത്തിന് സാമൂഹിക ബന്ധങ്ങൾ പാടെ ഇല്ലാതായി. കോടമ്പാക്കം അങ്ങനെയാണ് – സിനിമാ വൃത്തത്തിന് വേണ്ടാത്തവർ ഉടനടി പുറത്താകും; ആരും തിരിഞ്ഞു നോക്കില്ല. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു പറയത്തക്ക ആസ്തിയൊന്നും സമ്പാദിക്കാതെ മണ്മറഞ്ഞു പോയവരുടെ കുടുംബങ്ങൾ എത്രയോ അനാഥമായിപ്പോയിട്ടുണ്ട്.

ശേഖർ സ്വന്തം താൽപ്പര്യ പ്രകാരം വാങ്ങിക്കൂട്ടിയ (അന്നത്തെ) മോഡേൺ സംഗീതോപകരണങ്ങൾ അന്ന് അപൂർവമായിരുന്നതു കാരണം ധാരാളം ആവശ്യക്കാരുണ്ടായിരുന്നു – റെക്കോർഡിങ്ങിനും ഗാനമേളക്കും പോകുന്ന ഓർക്കസ്ട്രക്കാർ അതും കടം വാങ്ങി പോകും. വൈകുന്നേരം വാടകയോടെ തിരിച്ചു നൽകുകയും ചെയ്യും. കുടുംബത്തിന് അതൊരു വരുമാനമാർഗമായി.
അവർക്കു സിദ്ധിച്ച മറ്റൊരു ഭാഗ്യം ശേഖറിന്റെ ഉറ്റ സുഹൃത്തായ അർജുനൻ മാസ്റ്റർ താങ്ങായി ഉണ്ടായിരുന്നു എന്നതാണ്.

ശേഖറിന്റെ അഭാവത്തിലും അദ്ദേഹം തന്റെ പാട്ടുകളുടെ റെക്കോർഡിങ് ഉണ്ടാകുന്ന സമയം, മുൻപേ ശേഖറിന് നല്കിക്കൊണ്ടിരുന്നതിനു തുല്യമായ തുക ശേഖറിന്റെ കുടുംബത്തിന് എത്തിച്ചു കൊടുക്കുമായി രുന്നു (ഇക്കാര്യം അർജുനൻ മാസ്റ്റർ ആരോടും ഇന്നുവരെ പറഞ്ഞിട്ടില്ല. അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് എന്നോടിത് പറയുന്നത്).

ശേഖർ അതതു സമയം പണം സ്വരൂപിച്ചു വാങ്ങിച്ച തുണ്ടം തുണ്ടം സ്വത്തുക്കളുടെ വിശദവിവരം ഭാര്യക്ക് തന്നെയും അറിയുമായിരുന്നില്ല. അർജുനൻമാസ്റ്റർ അതൊക്കെ തേടിപ്പിടിച്ചു കുടിയേറിയവരെ ഒഴിപ്പിച്ചു കുടുംബത്തിന് നൽകി.
രണ്ടുമൂന്നു വര്ഷം അങ്ങനെ പോയി. ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ വില കുറയുകയും ഇറക്കുമതി ഉദാരീകരണം വഴി ഓർക്കസ്ട്രക്കാർക്ക് വേഗം വാങ്ങിക്കാൻ പറ്റുന്ന അവസ്ഥ വരികയും ചെയ്തു.

ശേഖറിന്റെ കുടുംബത്തിന് ഉപകരണങ്ങളുടെ വാടകപ്പിരിവ് കുറഞ്ഞു. ഈ ഘട്ടത്തിൽ  അർജുനൻ മാസ്റ്റർ ശേഖറിന്റെ മകൻ ദിലീപിനെ റെക്കോർഡിങ്ങുകളിൽ കൊണ്ടുപോയി ചെറിയ പണികൾ ഏൽപ്പിച്ചു കൊടുത്തു. അന്നവന് പന്ത്രണ്ടു വയസ്സുകാണും – സ്കൂൾ ക്‌ളാസ്സുകൾ മുടക്കിയും ഉറക്കമിളച്ചും ദിലീപ് ഇത്തിരി വരുമാനമുണ്ടാക്കി അമ്മയെ കുടുംബം പുലർത്താൻ സഹായിച്ചു.

അവർ താമസിച്ചുകൊണ്ടിരുന്ന വീട് പഴകിയപ്പോൾ സുബ്ബരായനഗറിലെ വസ്തുവിൽ പുതിയ വീട് പണിയിക്കാൻ മേൽനോട്ടം വഹിച്ചത് അർജുനൻ മാസ്റ്റർ തന്നെ ആയിരുന്നു. (ഇപ്പോൾ എ ആർ റഹ്മാൻ ഫൗണ്ടേഷൻ ഉള്ള കെട്ടിടത്തിന്റെ ആദ്യ നില). ആ സമയം അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു വരികയായിരുന്നു. ഒരു ഘട്ടമായപ്പോൾ കോടമ്പാക്കം വിട്ടു നാട്ടിലേക്കു വരേണ്ട അവസ്ഥയുമായി.

Leave A Reply

Your email address will not be published.