Mocifi.com
Art is not a luxury, but a necessity.

ജയറാമിന് ഇനി ഒരു തിരിച്ചുവരവുണ്ടോ?

269

ഗ്ലാഡ് വിന്‍ ഷാരുണ്‍

90കളിൽ മലയാളസിനിമയെ താങ്ങി നിർത്തിയ 4 തൂണുകളിൽ ഒരാളായ ജയറാം ഇപ്പോൾ കരിയറിലെ മോശം സമയത്തുകൂടി ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്.പണ്ട് ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യാൻ പറ്റാതെ വരുമ്പോൾ കിട്ടുന്ന വിശേഷണം ജയറാമിനെയും തേടി എത്തി “വിന്റേജ് ജയറാമേട്ടൻ “എന്ന്. പക്ഷെ ജയറാമിന് അങ്ങനുള്ള വേഷങ്ങൾ കിട്ടാത്തത് ആ പഴയ അഭിനയം കൈമോശം വന്നിട്ടല്ല അവസരങ്ങൾ കിട്ടാഞ്ഞിട്ടാണ്.

ഈ അടുത്തിറങ്ങിയ ലോനപ്പന്റെ മാമ്മോദീസയിലെ സെന്റിമെൻസ് സീനൊക്കെ പണ്ട് ചെയ്ത അനായാസതയോടെ തന്നെ ചെയ്തിട്ടുണ്ട് മാർക്കോണി മത്തായിയിലെ ഒരു പാട്ടിൽ പണ്ടത്തെ പോലെ തന്നെ നല്ല എനർജിയിൽ കളിച്ചിട്ടുണ്ട് ഇനി കോമഡി ആണെങ്കിലും എക്സ്പ്രെഷൻസ് ഇട്ടു ചിരിപ്പിക്കുന്ന പഴയ സ്റ്റൈൽ ഒക്കെ പഞ്ചവര്ണതത്തയിലും ഗ്രാൻഡ് ഫാദറിലും ഒക്കെ കണ്ടു.പക്ഷെ ഈ പടങ്ങളൊക്കെ ആവറേജ് ആയത് കൊണ്ട് അഭിനയവും ആവറേജ് ആയി തോന്നിക്കാണും.

പഞ്ചവര്ണതത്തയിലും , പട്ടാഭിരാമനിലും ഒക്കെ ഇത് വരെ കാണാത്ത ടൈപ്പ് അഭിനയവും ആണ് കണ്ടത്. ഈ സിനിമകളൊക്കെ സാമ്പത്തികമായി വിജയിച്ചെങ്കിലും ജയറാമിന് ഇപ്പോൾ ആവശ്യം ഒരു ബ്ലോക്ക്‌ബസ്റ്റർ ആണ്.മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒക്കെ പോലുള്ള പടങ്ങൾ ജയറാമിന് ഇന്നും സാധിക്കും നല്ലൊരു കോമഡി സ്ക്രിപ്റ്റ് കിട്ടിയാൽ ഹാപ്പി ഹസ്ബൻഡ്‌സ് പോലെ കിടിലനായി കോമഡി ചെയ്യാനും പറ്റും ചൈന ടൗണിൽ മോഹൻലാലിനെയും ദിലീപിനെയും വെച്ചു നോക്കുമ്പോൾ കുറച്ചെങ്കിലും മെച്ചം ജയറാം തന്നാണ്.

പേരിന്റെ കൂടെ വിന്റേജ് ചേർക്കാൻ ജയറാമിന്റെ അഭിനയം ഒന്നും എവിടെയും പോയിട്ടില്ല. പഴയ പോലെ തന്നെയുള്ള ലുക്കും ബോഡി ഒക്കെ ഫിറ്റ്‌ ആയി സൂക്ഷിക്കുന്ന കാര്യത്തിലും ജയറാം മോശമല്ല മമ്മൂട്ടിയെ പോലെ ആ കാര്യത്തിൽ ജയറാമും അഭിനന്ദനം അർഹിക്കുന്നു അഭിനയവും കൈമോശം വന്നിട്ടില്ല എന്നിട്ടും എന്ത് കൊണ്ട് ജയറാമിന് ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്നതിന് എനിക്ക് തോന്നിയ കാര്യങ്ങൾ ഒരേ രീതിയിലുള്ള അഭിനയവും പടങ്ങളും ആളുകളിൽ ആവർത്തനവിരസത ഉണ്ടാക്കും.ദിലീപിന്റെ ഉയർച്ചയും പിന്നീടങ്ങോട്ടുള്ള യുവതാരങ്ങളുടെയും ന്യൂ ജനറേഷൻ പടങ്ങളുടെ വരവ് ജയറാമിനെ വല്ലാതെ ബാധിച്ചു.

കാലത്തിനനുസരിച്ചു മാറാൻ പറ്റാതെ പോയതും ഒരേ ട്രാക്കിൽ തന്നെ പോയതും പ്രേക്ഷകരിൽ മടുപ്പുളവാക്കി.ജയറാം ടൈപ്പ് പടങ്ങൾ ഇപ്പോൾ ബിജു മേനോൻ ചെയ്യുമ്പോൾ സ്വീകരിക്കു നത്തിന് കാരണം ബിജു ചെയ്യുമ്പോളുള്ള ഒരു പുതുമയാണ്. അതേ പോലുള്ള പുതുമയുള്ള വേഷങ്ങളുടെ പുറകെ ജയറാം എന്ന നടൻ പോയില്ല ഫാൻസ്‌ അസോസിയേഷൻ എന്നത് സിനിമയിൽ വിജയകരമായി മുന്നേറാനും അടിപതറുമ്പോൾ താങ്ങി നിർത്താനും താരങ്ങൾക്ക് അത്യാവശ്യമായ ഒന്നാണ്. കരിയറിൽ കത്തി നിൽക്കുന്ന സമയത്ത് അങ്ങനൊരു അസോസിയേഷൻ തുടങ്ങി നിലനിർത്തികൊണ്ട് പോകാൻ ജയറാം ശ്രമിച്ചില്ല.

ഫാൻസ്‌ അസോസിയേഷൻ എങ്ങനെ വിജയകരമായ രീതിയിൽ ഉപയോഗിക്കണം എന്ന് മലയാളസിനിമക്ക് കാണിച്ചു കൊടുത്തത് ഒരുപക്ഷെ ദിലീപ് ആയിരിക്കും. മമ്മൂട്ടി മോഹൻലാൽ അടക്കം പല താരങ്ങളും പിന്തുടരുന്നതും ഇതേ രീതി ആണ്. ചവറു പോലെ മോശം പടമിറക്കി പരാജയപ്പെട്ടാലും സ്ട്രോങ്ങ്‌ ആയ ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടെങ്കിൽ അതൊന്നും ബാധിക്കില്ല എന്ന് ഇവരൊക്കെ കാണിച്ചു തന്നതുമാണ് അങ്ങനെ ഒന്നാണ് ജയറാമിന് ഇല്ലാതെ പോയത് നിർമാണം, വിതരണം പോലുള്ള മേഖലകളിൽ കൈ വെക്കാനും സ്ട്രോങ്ങ്‌ ആയ ഒരു ലോബ്ബി ഉണ്ടാക്കിയെടുക്കാനോ ജയറാം ശ്രമിച്ചില്ല.

തുടക്കത്തിൽ ജയറാം രാജസേനൻ കോംബോ അങ്ങനെ ഒരു ഹിറ്റ്‌ കോംബോ ആയിരുന്നെങ്കിലും തെറ്റി പിരിഞ്ഞതോടെ 2 പേർക്കും കഷ്ടകാലം തുടങ്ങി. സഹതാരങ്ങളും യുവതാരങ്ങളും അടക്കം സിനിമ നിർമിക്കുന്ന കാലത്തു 30 വർഷത്തിൽ കൂടുതൽ സിനിമഅനുഭവം ഉള്ള ജയറാം ഇന്നേവരെ ഒരു സിനിമയും നിർമിച്ചിട്ടുമില്ല വിതരണത്തിന് എടുത്തിട്ടുമില്ല2003നു ശേഷം ജയറാമിന് ഒരു മോശം സമയം വന്നപ്പോൾ അന്ന് നല്ല സമയത്തു നിന്നിരുന്ന ജയറാമിനെ വെച്ച് ഹിറ്റ്‌ സിനിമകൾ എടുത്ത കമലോ സത്യൻ അന്തിക്കാടോ ജയറാമിനെ വെച്ച് കരിയർ തുടങ്ങിയ രഞ്ജിതോ, റാഫി മെക്കാർട്ടിനോ, ഷാഫിയോ വിചാരിച്ചിരുന്നേൽ ജയറാമിന് നല്ലൊരു തിരിച്ചു വരവ് കൊടുക്കായിരുന്നു പക്ഷെ അതൊന്നും സംഭവിച്ചില്ല.

പക്ഷെ അക്കു അക്ബർ പോലെ വലിയ ശ്രദ്ധേയൻ അല്ലാത്ത സംവിധായകന്റെ വെറുതെ ഒരു ഭാര്യ എന്നാ 2008ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിലൂടെ ഇതുവരെ കാണാത്ത ടൈപ് നെഗറ്റീവ് ഷേഡ് ഉള്ള നായകവേഷത്തിലൂടെ ജയറാം ഗംഭീരതിരിച്ചു വരവ് നടത്തി.ജയറാമിന്റെ നല്ല ടൈം തുടങ്ങി. അതിനു ശേഷം മേല്പറഞ്ഞ സംവിധായകരിൽ രഞ്ജിത്ത് ഒഴികെ ഉള്ളവരുടെ ചിത്രങ്ങൾ സംഭവിച്ചു.

സത്യൻ അന്തിക്കാട് (ഭാഗ്യദേവത, കഥ തുടരുന്നു ),ഷാഫി (മേക്കപ്പ് മാൻ, റാഫി മെക്കാർട്ടിൻ (ചൈന ടൗൺ),കമൽ (സ്വപനസഞ്ചാരി, നടൻ ) അതിന് ശേഷം ജയറാമിൻറെ കരിയർ വീണ്ടും താഴെ പോയി പിന്നെ ഇവരാരും മൈൻഡ് ചെയ്തില്ല.ജയറാമിനെ വെച്ചു കരിയർ തുടങ്ങിയ ബോബി സഞ്ജയ്‌ ടീം വിചാരിച്ചാൽ ജയറാമിനെ ഈസി ആയി തിരിച്ചു കൊണ്ട് വരാം. അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങളിൽ പലരും സ്വാർത്ഥരായി പോകും മുങ്ങി ചാവുന്നവന്റെ നേരെ കൈ നീട്ടാനുള്ള പേടി ആയിരിക്കും ചിലപ്പോൾ താൻ കൂടി മുങ്ങി പോയാലോ എന്നോർത്തു.

അഭിനയം നഷ്ടപ്പെട്ടു പോയത് കൊണ്ടല്ല ജയറാമിന് ഇപ്പോൾ നല്ലൊരു തിരിച്ചു വരവ് നടത്താൻ പറ്റാത്തത് സിനിമയിൽ പിടിച്ചു നിൽക്കാനുള്ള കളികൾ അറിയാത്ത കൊണ്ടല്ല. ജയറാമിനെ ഇന്നും ഒരു ആവറേജ് ആക്ടർ ആയി കാണുന്ന പലരും ജയറാമിന്റെ മികച്ച പ്രകടങ്ങൾ വന്നിട്ടുള്ള ശേഷം, ചിത്രശലഭം, സ്നേഹം, തീർത്ഥാടനം,സ്വപാനം,നടൻ പോലുള്ള സിനിമകൾ കണ്ടു കാണില്ല. ഇങ്ങനെയുള്ള അഭിനയപാടവം വാണിജ്യപരമായി ഉപയോഗിക്കാൻ ജയറാമോ മറ്റു സംവിധായകരോ ശ്രമിച്ചില്ല എന്നത് ഖേദകരമാണ്.

മേൽപ്പറഞ്ഞകാര്യങ്ങൾ ഒക്കെ ശരിയായി ഇനി പുതുതലമുറയിലെ പിള്ളേരെ ആരാധകരാക്കുന്നതൊക്കെ ഇനി നടപ്പുള്ള കാര്യമല്ല. തമിഴ്, തെലുഗിൽ ഒക്കെ ചെയ്യുന്ന ടൈപ്പ് സപ്പോർട്ടിങ് വേഷങ്ങളിലേക്കും മൾട്ടി സ്റ്റാർ പടങ്ങൾ ഒക്കെ ചെയ്താൽ ഇനി മലയാളസിനിമയിൽ നിലനിൽക്കാം. പക്ഷെ ജയറാമേട്ടനെ അങ്ങനെ കാണാൻ അദ്ദേഹത്തിന്റെ പടങ്ങൾ കണ്ടു വളർന്ന എന്നിലെ ആരാധകനു താല്പര്യം ഇല്ല. അല്ലെങ്കിൽ ഇതുവരെ കാണാത്ത രീതിയിൽ ജയറാമിനെ ഉപയോഗിക്കാനും അത് വിജയിപ്പിക്കാനും പറ്റുന്ന സംവിധായകർ വരണം. അതിന് സാധ്യത വളരെ കുറവാണ്.

Leave A Reply

Your email address will not be published.