Mocifi.com
Art is not a luxury, but a necessity.

കോവിഡ് കാലത്ത് പ്ലാറ്റ്‌ഫോം എന്ന സിനിമ നല്‍കുന്ന പാഠം

ജസ്റ്റിന്‍ അബ്രഹാം

പ്ലാറ്റ്‌ഫോം എന്ന സ്പാനിഷ് സിനിമ പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്ന ആശയത്തെ ഒറ്റവരിയില്‍ മഹാത്മാ ഗാന്ധിയുടെ ഈ വാചകം സംഗ്രഹിക്കുന്നു.

There is enough resources for everyone’s need but not for anybody’s greed – Mahatma Gandhi

ദ ഹോള്‍ എന്ന ജയിലിലെ അന്തേവാസികളിലൂടെയാണ് പ്ലാറ്റ്‌ഫോം സംസാരിക്കുന്നത്. മറ്റു ജയിലുകളില്‍നിന്നും വിചിത്രമായ ഒരു സംവിധാനമാണിവിടെ. 333 നിലകളിലായുള്ള വെര്‍ട്ടിക്കല്‍ സെല്ലുകളാണ് ഇവിടെയുള്ളത്. ഓരോ സെല്ലുകളിലും രണ്ടു പ്രിസണേഴ്‌സ്. ഇവരെ നിരീക്ഷിക്കുവാന്‍ ക്യമാറ കണ്ണുകളോ, ക്രൂരരായ പ്രിസണ്‍ ഓഫിസേഴ്‌സോ ഇല്ല.

ജയില്‍ ബ്രേക്ക് അറ്റംപ്‌റ്റോ മറ്റോ നടത്താന്‍ ഇവിടെ യാതൊരു സാധ്യതയുമില്ല. ദ ഹോളിലെ കാതലായ പ്രശ്‌നം അതിജീവിനമാണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുക എന്നത് കഠിനകരമാണ്. പലരും അതിനുമുമ്പ് തന്നെ ഇവിടെ സഹതടവുകാരുടെ കൈകളാല്‍ കൊല്ലപ്പെടുന്നു. അഥവാ സ്വയം ആത്മഹത്യ ചെയ്യുന്നു. 

വിശപ്പാണ് ഹോളിലെ പ്രശ്‌നം. പ്ലാറ്റ്‌ഫോം എന്ന സിനിമ വിശപ്പ് മനുഷ്യനിലെ മൃഗതൃഷ്ണയെ എങ്ങനെ ഉണര്‍ത്തുന്നു എന്നതിന്റെ ഏറ്റവും മികച്ച ദൃശ്യാവിഷ്‌കരണമാണ്. 

Online PSC Coaching: www.ekalawya.com

വിശപ്പ് സഹിക്ക വയ്യാതെയാണ് ഹോളിലെ അന്തേവാസികള്‍ പരസ്പരം കൊന്നുതിന്നുന്നത്. എന്നാല്‍ ഭക്ഷണമില്ലായ്മ എന്ന പ്രശ്‌നം ഇവിടെയില്ല. ഏറ്റവും മുന്തിയ ഭക്ഷണമാണ് അഡ്മിനിസ്‌ട്രേഷന്‍ ഹോളിലെ അന്തേവാസികള്‍ക്ക് നല്‍കുന്നതും. ഭക്ഷണം വീതംവയ്ക്കുന്നതിലെ അസമത്വമാണ് ഹോളിലെ വില്ലന്‍.
ഇവിടെയാണ് ഹോളിലെ വിചിത്രവും എന്നാല്‍ ചിന്തിനീയവുമായ സംവിധാനത്തിന്റെ പ്രസക്തി.

ലെവല്‍ സീറോയിലാണ് ഹോളിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യപ്പെടുന്നത്. അതിശ്രദ്ധയോടെ ഒരുപറ്റം പ്രൊഫഷണല്‍സ് പാചകം ചെയ്യുന്ന അതിരുചികരമായ ഭക്ഷണം. ഇവ അതിസുന്ദരമായ രീതിയില്‍ ഒരു തീന്‍മേശയില്‍ അടുക്കി വയ്ക്കുന്നു. 

ഈ തീന്‍മേശ ഒരു പ്ലാറ്റഫോമാണ്. ഹോളിലെ വെര്‍ട്ടിക്കല്‍ സെല്ലിലെ നടുഭാഗം ഒരു വലിയ ഗര്‍ത്തമാണ്. ഓരോ സെല്ലിലും നിശ്ചിത സമയം ഭക്ഷണം വച്ചിട്ടുള്ള പ്ലാറ്റ്‌ഫോം നില്‍ക്കും. അന്തേവാസികള്‍ക്ക് ഈ സമയം കൊണ്ട് ആവശ്യത്തിനു ഭക്ഷണം കഴിക്കാം. സമയം കഴിഞ്ഞാല്‍ ഭക്ഷണം അടുക്കി വച്ചിട്ടുള്ള പ്ലാറ്റ്‌ഫോം താഴത്തെ ലെവലുകളിലേക്ക് പോകും. അങ്ങനെ 333 ലെവലുകളിലും ഈ തീന്‍മേശ സഞ്ചരിച്ച്, തിരിച്ചുവരും. 

ഏറ്റവും മുകളിലത്തെ ലെവലുകളിലുള്ള അന്തേവാസികള്‍ കഴിച്ച ഭക്ഷണത്തിന്റെ ശിഷ്ഠമാണ് താഴത്തെ ലെവലുകളിലെ മനുഷ്യര്‍ കഴിക്കേണ്ടത്. ഇവിടെയാണ് ഗാന്ധിജിയുടെ വാക്കുകള്‍ പ്രസക്തം. ഹോളില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണം 333 ലെവലുകളിലായുള്ള 666 പ്രിസണേഴ്‌സിന്റെയും വിശപ്പകറ്റാന്‍ മതിയാവും. എന്നാല്‍ ആദ്യ ലെവലുകളിലെ മനുഷ്യരുടെ അത്യാര്‍ത്തി മൂലം താഴത്തെ ലെവലുകളിലെ മനുഷ്യര്‍ക്ക് ഭക്ഷണം ലഭിക്കില്ല. 

ഹോളിലെ മറ്റൊരു പ്രത്യേകത ഓരോ ലെവലുകളിലെയും വാസത്തിന്റെ പരമാവധി ആയുസ് 30 ദിവസമാണെന്നതാണ്. ഈ കാലാവധി കഴിയുമ്പോള്‍ ഓരോരുത്തരും മറ്റു ലെവലുകളിലേക്ക് പോകുന്നു. ആര് ഏത് ലെവലിലേക്ക് മാറ്റപ്പെടുന്നു എന്നതൊരു റാന്‍ഡം അസംബ്ലിങ്ങാണ്. ലെവല്‍ വണ്ണില്‍ കഴിഞ്ഞിരുന്ന വ്യക്തി ഒരു പക്ഷേ അടുത്ത മാസം ലെവല്‍ 333ല്‍ ആവാം. ഒരു ലീനിയര്‍ പാറ്റേണ്‍ ഇവിടെ പിന്‍പ്പറ്റുന്നില്ല.

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്

താഴത്തെ ലെവലുകളിലുള്ള ആളുകള്‍ ഭക്ഷണം കിട്ടാതെ സഹികെടുമ്പോള്‍ ഒപ്പംമുള്ളവരെ കൊന്നുതിന്നുകയാണ് പതിവ്. അതിജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. 
വളരെ വിചിത്രമായ ഈ സംവിധാനത്തില്‍ ഹോളിലെ അന്തേവാസികള്‍ അനുഭവിക്കുന്ന മാനസിക വ്യഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 

ചെയിന്‍ സ്‌മോക്കറായ കഥനായകന്‍ തന്റെ ദുശീലം ഒഴിവാക്കാനാണ് ഹോളില്‍ എത്തുന്നത്. സ്വമേധയ എത്തിയ അദ്ദേഹത്തിന്റെ ഹോളിലെ കാലയളവ് ആറുമാസമാണ്. ഡോണ്‍ ക്വിസോട്ട് എന്ന പുസ്തകം അദ്ദേഹം ഈ സമയം വായിക്കാനായി കൈയ്യില്‍ കരുതുന്നു. 

എന്നാല്‍ ഹോളിലെ വിചിത്രമായ സംവിധാനം ഗോരംഗ് എന്ന നായക കഥാപാത്രത്തെ മാനസികമായി ബാധിക്കുന്നു. സെല്‍മേറ്റായിരുന്ന ത്രിമാഗാസി എന്ന വയസന്‍ കഥാപാത്രം ഗോരംഗിന്റെ മാംസം ഭക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇവിടെവച്ച് മിഹാരു എന്ന ഒരു വനിത അന്തേവാസി ത്രിമഗാസിയെ കൊലപ്പെടുത്തുന്നു. 

ത്രിമഗാസിയ കൊല്ലപ്പെട്ട ശേഷം ഇമോഗ്വിരി എന്ന വനിത ഗോരംഗിന്റെ സെല്‍മേറ്റായി എത്തുന്നു. ഇവിടെയാണ് സംവിധായകന്‍ സോഷ്യലിസത്തിന്റെ പ്രസ്‌ക്തി പറയുന്നത്. താഴത്തെ ലെവലുകളിലെ തടവുകാര്‍ക്കായി ഭക്ഷണം കരുതിവയ്ക്കാന്‍ ഓരോ ലെവലിലേയും ആളുകള്‍ ശ്രമിച്ചാല്‍ ദ ഹോള്‍ എന്ന ജയിലിലെ പീഡനം അവസാനിപ്പിക്കാനാകും. ഇമോഗ്വിരി അതിനു ശ്രമിക്കുന്നു. എന്നാല്‍ ആരും അവരെ കേള്‍ക്കാറില്ല. ഗോരംഗ് പോലും ആദ്യം അവരെ പുച്ഛിക്കുകയാണ് ചെയ്യുന്നത്. 

എന്നാല്‍ ഇമോഗ്വിരി ആത്മഹത്യ ചെയ്ത ശേഷം ഗോരംഗും സെല്‍മേറ്റായ ഭരതും ചേര്‍ന്നു ഒരു പരിശ്രമം നടത്തുന്നു. അങ്ങനെ 333 നിലയിലെ പെണ്‍കുട്ടിയ്ക്ക് ഇവര്‍ ഭക്ഷണം എത്തിക്കുന്നു. 
കോവിഡ് എന്ന മഹാമാരിയെ ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ എന്തുകൊണ്ടും പ്രസ്‌ക്തമായ ഒരു സിനിമയാണ് പ്ലാറ്റ്‌ഫോം. മനുഷ്യര്‍ പരസ്പരം സഹകരണത്തോടെ വര്‍ത്തിച്ചാല്‍ ഏത് ദുഷ്‌കരമായ സാഹചര്യത്തെയും അതിജീവിക്കാന്‍ കഴിയും എന്ന് സിനിമ പറയാതെ പറയുന്നു. 

സിനിമയുടെ രാഷ്ട്രീയവും, അവതരിപ്പിക്കുന്ന വിഷയം ശ്രദ്ധേയവും, ചിന്തനീയവുമാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ഭീതികരമായ അവസ്ഥയെ സിനിമ വിശപ്പ് എന്ന തീമിലൂടെ നമുക്ക് വരച്ചു കാട്ടിത്തരുന്നു. 

കോവിഡ് എന്ന മഹാമാരി ലോകത്തെ പരീക്ഷിക്കുന്ന ഈ കാലഘട്ടത്തില്‍ വിഭവങ്ങളുടെ തുല്യമായ പങ്കുവയ്ക്കല്‍ പ്രധാനമാണ്. വീടുള്ളവന്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം വസതിയില്‍ അഭയം തേടുമ്പോള്‍ കൂരയില്ലാത്തവന്റെ ബുദ്ധിമുട്ടു അതിഭയങ്കരമാണ്. ഭക്ഷണമില്ലാതെ കഴിയുന്ന മനുഷ്യര്‍ ഇക്കാലത്തെ അനവധിയാണ്.

രാജ്യ തലസ്ഥാനത്തെ യമുനയുടെ തീരത്ത് താത്കാലിക ടെന്റില്‍ അഭയം പ്രാപിച്ചിട്ടുള്ള തൊഴിലാളികള്‍ ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. സാമൂഹിക അസമത്വത്തിന്റെ ഭയാനകമായ കാഴ്ച ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. കുഞ്ഞു കുട്ടികള്‍ ഉള്‍പ്പെടെ നിരാശ്രയരായ മനുഷ്യര്‍ 300-500 കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമങ്ങളിലേക്കു പാലായനം ചെയ്യുന്ന കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. 

പ്ലാറ്റ്‌ഫോം എന്ന സിനിമയുടെ സന്ദേശം

ഇവിടെയാണ് പ്ലാറ്റ്‌ഫോം എന്ന സിനിമ പ്രേക്ഷകരോട് പറയുന്ന സന്ദേശത്തിന്റെ പ്രാധാന്യം. ഹോളിലെ ദുരിതപൂര്‍ണമായ അവസ്ഥ അവിടുത്തെ എല്ലാ അന്തേവാസികള്‍ക്കും അറിവുള്ളതാണ്. അഡ്മിനിസ്‌ട്രേഷന്റെ ഈ കാടത്വം അവരെ എല്ലാവരെയും ഒരുപോലെ ബാധിക്കുകയും ചെയ്യുന്നു. ആര്‍ക്കും പ്രത്യേകം പരിഗണന സംവിധാനം നല്‍കുന്നില്ല. ആദ്യ ലെവലുകളിലെ ആളുകള്‍ക്ക് സാഹചര്യം മുതലെടുക്കാം എന്നു മാത്രം. എന്നാല്‍ ഹോളിലെ അന്തേവാസികള്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. അവര്‍ ഓരോരുത്തരും അവരവരിലേക്ക് ചുരുങ്ങുകയാണ്. സ്വന്തം അതിജീവിനത്തിനായുള്ള പ്രയാസപ്പെടലാണ് എല്ലാവരും കാണിക്കുന്നത്.

അതേസമയം, ഭക്ഷണം കൃത്യമായി എല്ലാവര്‍ക്കും ലഭിക്കും വിധത്തില്‍ പരസ്പര സഹകരണത്തോടെ പെരുമാറിയിരുന്നു എങ്കില്‍ ഹോളിലെ ജീവിതം ദുസഹമാകുമായിരുന്നില്ല. അവിടെ കൊലപാതകങ്ങളോ, ആത്മഹത്യകളോ ഉണ്ടാവുമായിരുന്നില്ല. 
ഈ പാഠം മനുഷ്യരാശി ഉള്‍ക്കൊള്ളണം. കോവിഡിനെ അതിജീവിക്കാന്‍ പരസ്പര സഹായത്തോടെ തോളോട്‌തോള്‍ ചേര്‍ന്നു രാജ്യങ്ങളും മനുഷ്യരും പ്രവര്‍ത്തിച്ചു എങ്കില്‍ മാത്രമേ അതിജീവനം അനായാസമാവുകയുള്ളൂ. 

Leave A Reply

Your email address will not be published.