Site icon Mocifi.com

അയ്യപ്പനും കോശിക്കുമൊരു ആനവായന: രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു

ayyappanum koshyum അയ്യപ്പനും കോശിയും cinema review സിനിമ റിവ്യൂ prithvi raj പൃഥ്വി രാജ്‌ biju menon ബിജു മേനോന്‍ reshmi radhakrishnan രശ്മി രാധാകൃഷ്ണന്‍ mocifi മോസിഫി

രശ്മി രാധാകൃഷ്ണന്‍

അയ്യപ്പനെയും കോശിയേയും കുറിച്ച് പറയുന്നതിനുമുന്‍പ് പറയാനുള്ളത് കുറച്ച് ആനക്കാര്യങ്ങളാണ്. ക്ഷമയുണ്ടെങ്കില്‍ വായിക്കുക.

കാട്ടില്‍ മനുഷ്യരേപ്പോലെ സാമൂഹ്യജീവിതം നയിക്കുന്നവരാണ് ആനകള്‍.കൂട്ടത്തില്‍ പ്രായമുള്ള ഒരു കൊമ്പനുണ്ടാവാം എന്നിരുന്നാലും കൂട്ടത്തിലെ മുതിര്‍ന്ന ഒരു പിടിയാനയാണ് സംഘത്തെ നയിക്കുന്നത്. മറ്റംഗങ്ങള്‍ ഈ തലൈവിയെ അനുസരിക്കുന്നു.പിടിയുടെ നേതൃത്വം അംഗീകരിക്കുന്നു.തങ്ങളുടെ കൂട്ടത്തിലെ ഓരോ അംഗങ്ങളുടെ സുരക്ഷയും ഓരോരുത്തരും കൂട്ടായ കടമയായി നിര്‍വ്വഹിക്കുന്നു.

പ്രസവകാലമെത്തിയ പിടിയാനക്ക് സഹായത്തിനായ് സംഘാംഗങ്ങള്‍ എപ്പോഴുമൊപ്പമുണ്ടാവും.പ്രസവ സമയത്താവട്ടെ മറ്റാനകള്‍ ചുറ്റും കൂടിനിന്ന് ഒരു സംരക്ഷണ വലയം തന്നെ തീര്‍ക്കുന്നു.ജനിക്കുന്ന കുഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ എണീറ്റോടാന്‍ ആരംഭിക്കുകയും,തുടര്‍ന്നങ്ങോട്ട് സംഘത്തിലെ അംഗങ്ങളുടെ പൊതുവായ സംരക്ഷണത്തിലായിരിയ്ക്കും.

നാട്ടില്‍ ഇണക്കിയെടുത്ത ആന പാപ്പാനെ അനുസരിക്കുന്നു.ഒരുപക്ഷെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കൂടി ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു.മര്‍ദ്ദനങ്ങള്‍ പോലും സഹിക്കുന്നു, പക്ഷെ മനസ്സിനുള്ളില്‍ കുറിച്ചിടുന്നു.മദപ്പാടുമൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ ആത്മ നിയന്ത്രണം നഷ്ടപ്പെടുന്ന ആന പാപ്പാനോടുള്ള തന്റെ പക തീര്‍ക്കുകയും അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തി സ്വയം നായകനായി അവരോധിക്കുകയും ചെയ്യുന്നു.

ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയന്നാണ് അനുസരിക്കുന്നത്.(Pavlovian conditioning) ശിക്ഷയോടുള്ള ഭയത്തെ ജന്മവാസന മറികടക്കുമ്പോഴാണ് ആന ആക്രമണകാരിയാകുന്നത്.കാട്ടില്‍ പെണ്ണിന്‍റെ പിന്നില്‍ നില്‍ക്കുന്ന കൊമ്പന്‍ നാട്ടിലെത്തുമ്പോള്‍ തലയെടുപ്പോടെ അവളുടെ രാജാവാകുന്നു.പിടി ഒതുങ്ങുന്നു.

Read Also: തലയ്‌ക്കോളമില്ലാത്ത ഫാന്‍സുകള്‍; രജിതിനെതിരെ ഹരീഷ് പേരടി

ഇനി പറയാനുള്ളത് മോഴകളെക്കുറിച്ചാണ്.
കൊമ്പനാനകളെപ്പോലെ കൊമ്പുകള്‍ ഇല്ലാതെ,ഒറ്റനോട്ടത്തില്‍ പെണ്ണാനകള്‍ എന്നു തോന്നിപ്പിക്കുന്ന ആണാനകള്‍ തന്നെയായിരിക്കും മോഴ.പ്രത്യുല്‍പ്പാദനത്തിലും പ്രതിയോഗിയുമായുള്ള പോരാട്ടവീര്യത്തിലുമൊക്കെ പലപ്പോഴും മോഴയാനകള്‍ കൊമ്പന്‍മാരെ കടത്തിവെട്ടുകയും ചെയ്യും.തലയെടുപ്പും ആണത്തവീര്യവും അവകാശപ്പെടാനില്ലെങ്കിലും ഇടഞ്ഞ കൊമ്പനേക്കാള്‍ അപകടകാരിയാണ് ഇടഞ്ഞ മോഴ..

മുത്തങ്ങ – ഗുഡല്ലൂര്‍ – ബന്ദിപ്പൂര്‍ വനമേഖലകളിലായി നാടു വിറപ്പിച്ചിരുന്ന കുപ്രസിദ്ധനായ മുതുമലമൂര്‍ത്തി എന്നൊരു മോഴയുണ്ടായിരുന്നു.മനുഷ്യരില്‍ നിന്ന്,പ്രത്യേകിച്ച് കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാന്‍ ഇറങ്ങിയ കുടിയേറ്റ കര്‍ഷകസമൂഹത്തില്‍ നിന്നും പലപ്പോഴായി നേരിടേണ്ടി വന്ന ആക്രമണങ്ങളാവാം അവനെ പകയുള്ളവനും അക്രമകാരിയുമാക്കി.ആദ്യം ശാന്തനായിരുന്നവന്‍ നാടതിര്‍ത്തിയില്‍ മദിച്ച് നടന്നുതുടങ്ങി..ഇരുപതോളം പേരെ കൊന്നു എന്നാണ് വാര്‍ത്തകള്‍..

ആനയെ കൊണ്ട് പൊറുതി മുട്ടിയവരുടെ ആവലാതികള്‍ക്ക് ഒടുവില്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും ശേഷം ഒടുവില്‍ ഉദ്യോഗസ്ഥരും ഒരു സംഘം ഡോക്ടര്‍മാരും ചേര്‍ന്ന് മയക്കുവെടി വച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
തുമ്പിക്കൈ കൊണ്ട് വരിഞ്ഞ് ശ്വാസം മുട്ടിച്ച്,വാരിയെല്ലുടച്ച്..തറയില്‍ നിന്നുയര്‍ത്തി അമക്കി ഞെക്കിയാണ് ആന കൊല്ലുക..അല്ലെങ്കില്‍ ഉയര്‍ത്തിയടിച്ച്.

Read Also: രാഷ്ട്രീയ വൈരത്തിന്റെ കളങ്കം മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ സുന്ദരം: മംമ്ത

ഇനി അയ്യപ്പനും കോശിയും എന്ന സിനിമയിലേയ്ക്ക്…
അയ്യപ്പന്‍ നായരുടെ ഇന്‍ട്രോ സീനില്‍ ഒരു ആനയുടെ ചിന്നം വിളി കേള്‍ക്കുന്നുണ്ട്. അപ്പൊ കൂടെയുള്ള പോലീസുകാരന്‍ ‘പേടിയ്ക്കണ്ട അത് ആ മോഴയാ’ എന്ന് പറയുമ്പോ കാമറ അയ്യപ്പന്‍ നായരുടെ മുഖത്താണ്. മോഴ അപകടകാരിയല്ല.അവനെ അപകടകാരിയാക്കുന്നതാണ്.അവന് കൊമ്പന്‍റെ ആണത്തപ്രഘോഷണങ്ങളില്ല.

കാടുകുലുക്കിയുള്ള വരവില്ല.പിടിയുടെ ബഹുമാനമോ പരിഗണനയോ ഇല്ല.കോശി പരിഹസിയ്ക്കുന്നുണ്ട് സമ്മിശ്ര സങ്കരം എന്ന്.കണ്ണമ്മ പോലും ഇടയ്ക്ക് കുത്തുന്നുണ്ട്.വീര്യമില്ലാത്ത മോഴയോടുള്ള നീരസമാവാം ആണ്‍കുഞ്ഞുണ്ടാകട്ടെ എന്ന് ആശംസിയ്ക്കാന്‍ അവളെ പ്രേരിപ്പിയ്ക്ക്ന്നത്.പക്ഷെ ഇതൊന്നും അയാളെ പ്രകോപിയ്ക്കുന്നില്ല.കാരണം അയ്യപ്പന്‍ നായര്‍ മോഴയാണ്..കൊമ്പനല്ല..

കോശിയെന്ന നാട്ടിലെ കൊമ്പന്‍റെ ഒരു മദപ്പാട് കാലത്തെ കഥയാണ്‌ ഈ സിനിമ.ക്ഷമയുടെ നെല്ലിപ്പലക കണ്ട അയ്യപ്പന്‍ നായര്‍ എന്ന മോഴയുടെ അക്രമണകാലത്തെ കഥ.കൂട്ടത്തെ നയിക്കുന്ന കണ്ണമ്മയെന്ന പിടിയുടെ കഥ.കൂട്ടം വളര്‍ത്തുന്ന അവരുടെ കുഞ്ഞനാനയുടെ കഥ.

ഇനി നിങ്ങള്‍ അട്ടപ്പാടിയ്ക്കും ആനഗട പോലീസ് സ്റ്റേഷനും പകരം ഒരു കാട് സങ്കല്‍പ്പിയ്ക്കുക..കൊമ്പനും പിടിയും മോഴയുമൊക്കെ മദിച്ച് നടക്കുന്ന ആനക്കൂട്ടത്തിന്റെ സ്വൈര്യ വിഹാരം സങ്കല്‍പ്പിയ്ക്കുക.. ആനപ്പക മനസ്സിലേയ്ക്ക് കൊണ്ട് വരുക..

ഒന്നുകൂടി അയ്യപ്പനും കോശിയും കാണുക..
സ്ക്രിപ്റ്റ് എഴുതുന്നതിന് മുന്‍പ് സച്ചി വായിച്ചിട്ടുണ്ടാവുക ആനക്കഥകള്‍ എന്ന പുസ്തകം തന്നെയാവും.ഉറപ്പ്.