Mocifi.com
Art is not a luxury, but a necessity.

കട്ടപ്പനയിൽ അന്ന് രാത്രി സുലോചന എത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

രാജീവ് പുലിയൂര്‍

നാടകത്തിലും സിനിമയിലും ഒരുപോലെ തിരക്കുള്ള കാലമായിരുന്നു അത്. അരപ്പവൻ എന്ന സിനിമയിൽ അഭിനയിക്കാൻ രണ്ടാഴ്ചത്തെ അവധിയെടുത്ത് മദിരാശിയിൽ പോയതായിരുന്നു സുലോചന. തിരിച്ചു വരുന്നതുവരെ സുലോചനയുടെ വേഷം അഭിനയിക്കുവാൻ പകരം ഉള്ളത് കവിയൂർ പൊന്നമ്മയാണ്.

കെ.പി.എ സി യുടെ അന്നത്തെ നാടകം പുതിയ ആകാശം പുതിയ ഭൂമി. മദിരാശിയിൽ eപായ സുലോചന മടങ്ങിയെത്തിയില്ല. അരപ്പവനിൽ അഭിനയിക്കാനുള്ള ഒരു നടൻ എത്തിച്ചേരാൻ വൈകിയതിനാൽ രണ്ടു ദിവസം കുടി ഷൂട്ടിംഗ് നീണ്ടു. അതിനാൽ സുലോചനയ്ക്ക് കെ.പി.എ.സിയിൽ കൃത്യസമയത്ത് തിരിച്ചുവന്ന് പ്രവേശിക്കാനായില്ല. അന്ന് രാത്രി കട്ടപ്പന തീയറ്ററിൽ പുതിയ ആകാശം പുതിയ ഭൂമിയുടെ കർട്ടൻ ഉയരാൻ പോവുകയാണ്. സുലോചനയില്ലാതെ.

തിങ്ങി നിറഞ്ഞിരിക്കുന്ന പുരുഷാരം. കാടിനു നടുവിലെ ഭീകരമായ ഒരു പുരാതന രാത്രിയുടെ പരിവേഷം തീയറ്ററിൽ തടിച്ചുകൂടിയ ജനാവലിയുടെ കണ്ണുകളിൽ കെട്ടടങ്ങാതെ കിടന്നു. എല്ലാവരുടെയും കണ്ണുകൾ ഒരാളെ മാത്രമായിരുന്നു പരതിക്കൊണ്ടിരുന്നത്. കമ്മിറ്റിക്കാർ അപ്പോഴാണ് തിരിച്ചറിഞ്ഞത്. സംഘാടകരിൽ ഒരാൾ പോറ്റി സാറിനോട് ചോദിച്ചു. ഞങ്ങടെ സുലോചനയെവിടെ? അതുവരെ സന്തോഷത്തോടെ സംസാരിച്ചിരുന്ന സംഘാടകർ സുലോചനയില്ലെന്നറിഞ്ഞപ്പോൾ ക്ഷുഭിതരായി.

പോറ്റിസാർ എല്ലാവരേയും അനുനയിപ്പിക്കാൻ ശ്രമിച്ചു. സുലോചന സിനിമയിൽ അഭിനയിക്കാൻ മദിരാശിയിൽ പോയിരിക്കുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞു. ഉടനെ സംഘാടകർ അക്ഷമരാവാൻ തുടങ്ങി. കാണികളിൽ ചിലർ അക്രമാസക്തരായി. നാടകത്തിൽ അഭിനയിക്കാൻ വന്ന നടീനടൻമാരെ അവർ സ്റ്റേജിലേക്ക് വിടാതെ തടഞ്ഞുവെച്ചു. കാരണം അവർക്ക് കെ.പി എ സി സുലോചനയില്ലാതെ ആ നാടകത്തെ ഉൾക്കൊള്ളാനാവില്ല എന്നതായിരുന്നു.

പോറ്റിസാർ വീണ്ടും അനുനയിപ്പിപ്പിച്ചു. സുലോചനക്ക് രണ്ട് ദിവസം കഴിഞ്ഞാലേ വരാൻ പറ്റൂ. ഇത് കേട്ട് അവരുടെ ക്ഷമകെട്ട് ആക്രോശിക്കാനും തുടങ്ങി. എന്നാൽ നിങ്ങൾ നാടകം കളിക്കണ്ട. സുലോചന വന്നിട്ട് നാടകം തുടങ്ങിയാൽ മതി. ചിലരുടെ സ്നേഹം വഴി തെറ്റി പ്രക്ഷോഭമായി മാറി. അവൾ വന്നിട്ട് മതി നാടകം എന്ന് പറഞ്ഞു. സ്നേഹം അന്ധമായി ‘അവൾ’ എന്ന അഭിസംബോധനയിലേക്ക് പരിണമിക്കുകയായിരുന്നു.

ചിലപ്പോൾ സ്നേഹാദരങ്ങൾ നിറഞ്ഞ ആരാധക ഹൃദയങ്ങളിൽ അവരുടെ ഇഷ്ടകലാകാരന്മാർ അവനും അവളുമായി രൂപാന്തരപ്പെടും എന്നാണ് പിന്നീട് ഈ സംഭവത്തെക്കുറിച്ച് സുലോചനചേച്ചി തന്നെ പറഞ്ഞത്. അതെ, അന്ന് രാത്രി കട്ടപ്പനയിൽ നാടകത്തിൻ്റെ കർട്ടനുയർന്നില്ല. അവിടെ കൂടിയിരുന്ന ആ രാത്രി അങ്ങനെ കരിന്തിരി കത്തിയമർന്നു. ഇത്രമാത്രം ജ്വലിച്ചു നിന്ന ഒരു സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾക്ക് പാത്രമാകുവാൻ കെ.പി.എ.സി സുലോചനയെന്ന ഒരു കലാകാരിയെ അൻപതുകൾ സൃഷ്ടിച്ചത് എങ്ങനെയാണ്.?

ആവേശങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കൊടുമുടികളിൽ ഉറക്കമിളച്ച പോരാട്ടവീര്യങ്ങളുടെ വിയർപ്പുതുള്ളികൾ ഈ മണ്ണിനെ നൂറ്റാണ്ടുകളായി പാകപ്പെടുത്തിയെടുയത് എങ്ങനെയാണ്?പിറ്റേന്ന് രാത്രി മദിരാശിയിൽ നിന്നെത്തിയ സുലോചന, വിവരമറിഞ്ഞ ഉടൻ തന്നെ ഒരു കാർ വിളിച്ച് കട്ടപ്പനയിലേക്ക് പുറപ്പെടുകയായിരുന്നു. കൂടെ സഹോദരനെയും കൂട്ടി. ഇന്നേക്ക് എഴുപതോളം വർഷങ്ങൾക്ക് മുന്നെയുള്ള ഒരു രാത്രിയിൽ ഇരുൾ തുളച്ച് കട്ടപ്പനയുടെ നെഞ്ചിൽ ആ കാർ വന്നു നിന്നു.പിന്നീടെന്താണ് സംഭവിച്ചത്.

?ഇത്രയും ഭാഗം കഥ സുലോചനച്ചേച്ചി നമ്മോട് പറഞ്ഞു തന്നതാണ്. എന്നാൽ ഈ കഥയുടെ കേൾക്കാത്ത ഒരു ഭാഗം അന്നത്തെ നാടകം കാണാനെത്തിയ ആൾക്കൂട്ടം തിരിച്ചു നമ്മോടു പറഞ്ഞാലോ? എങ്ങനെയുണ്ടാവും? ഇങ്ങനെയുള്ള വാമൊഴി കഥാഖ്യാനങ്ങളിൽ നിന്ന് പൂരിപ്പിച്ച് എടുക്കുകയാണ് ഈ ജീവചരിത്രം. കേരളത്തിലെ ഒരു പാട്ടുകാരിയുടെ, ഇന്നേവരെ കേട്ടിട്ടുള്ള സ്ത്രീസ്വരങ്ങളിൽ നിന്ന് സവിശേഷമായി വേറിട്ടുനിൽക്കുന്ന ഒരു സ്വരത്തിൻ്റെ ഉടമയുടെ, ജനങ്ങൾക്കടയിൽ ജീവിച്ചു മരിച്ച ഒരുപാട് കഥാപാത്രങ്ങളുടെ, അരങ്ങിലെയും അണിയറയിലെയും ആരോരുമറിയാത്ത വേദനകളുടെ, കണ്ണീരിൻ്റെ, ത്യാഗങ്ങളുടെ, ജീവിതവും പോരാട്ടവും നമുക്ക് കാട്ടിത്തന്ന പ്രസ്ഥാനത്തിൻ്റെ, നാടകവേദിയുടെ, കേരളീയ സമൂഹത്തെ രൂപപ്പെടുത്തിയെടുത്ത അൻപതുകളുടെ, അങ്ങനെയങ്ങനെ…നിരവധി പാട്ടുകാരുടെ, നടീനടൻമാരുടെ, കാണികളുടെ, ആരോരുമറിയാത്ത സാധാരണക്കാരായ മനുഷ്യരുടെ – ചരിത്രമാണിവിടെ എഴുതാൻ ശ്രമിക്കുന്നത്.

അതോടൊപ്പം എ.കെ.ജി, തോപ്പിൽ ഭാസി, ഒ.മാധവൻ, കാമ്പിശ്ശേരി, കെടാമംഗലം, കെ എസ് ജോർജ്, സാംബശിവൻ, ദേവരാജൻ, ഓ എൻ വി കുറുപ്പ്, നസീർ, സത്യൻ, കെ.പി ഉമ്മർ, അടൂർ ഭവാനി, തുടങ്ങിയ പ്രഗത്ഭരുടെ ഓർമച്ചിത്രങ്ങളും.മൂന്നു വർഷങ്ങൾക്കു മുൻപെ തുടങ്ങിയ ഈ എഴുത്ത് ഇപ്പോഴാണ് പൂർത്തിയാക്കാനായത്‌. മൂന്നു വർഷത്തെ നീണ്ട അധ്വാനം – ദിവസവും രാത്രി മൂന്നു മണി വരെ നീണ്ടുപോയ സമയങ്ങൾ – വേണ്ടി വന്നു ഇതിനു പിന്നിൽ. സുലോചനചേച്ചി എൻ്റെ ബന്ധുകൂടിയായതിനാൽ ഈ അന്വേഷണത്തിന് ഒരു ആത്മസഞ്ചാരിയുടെ വിഹ്വലതകൾ ഉണ്ടാവാം.

സ്വാസ്ഥ്യം പകരുന്ന ഈ അസ്വസ്ഥതയ്ക്ക് പ്രേരണയായ ശ്രീ. പ്രദീപ് പനങ്ങാടിനോട് അനൽപമായ നന്ദി പറയട്ടെ. ചേച്ചിയുടെ ഓരോ വഴിത്താര യേയും സൂക്ഷ്മമായി എനിക്ക് പറഞ്ഞു തന്ന കലേശൻചേട്ടനോടും തീരാത്ത നന്ദിയുണ്ട്. അടർത്തിമാറ്റാൻ കഴിയാത്തവിധം പഴയ കാലം ഇപ്പോൾ കെട്ടുപിണയുകയാണ്. മനുഷ്യൻ മുഖംമൂടി ധരിച്ച് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഈ പുതുലോകത്തിൽ തോളോടുതോൾ ഒത്തു ചേർന്നുനിന്നതിൻ്റെ ഏഴുപതിറ്റാണ്ടകലം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ കടന്നുപോയ ഈ ഏടുകൾ ഒന്നുകൂടിമറിച്ചു നോക്കുകയാണ്.

https://www.facebook.com/photo?fbid=4147975871940516&set=a.243475275723948

അമ്മ വഴിയ്ക്കും അച്ഛൻ വഴിയ്ക്കും ഒരുപോലെ രണ്ടു ബന്ധങ്ങളാണ് സുലോചനച്ചേച്ചിയുമായുള്ളത്. അമ്മയുടെ പേരമ്മയുടെ അനിയത്തിയുടെ മകളാണ് സുലോചനച്ചേച്ചി എന്നതും അതുപോലെ അച്ഛൻ വഴി പുലിയൂരുനിന്നും ഒരു വഴി സുലോചന ചേച്ചിയിലേക്കുണ്ട് എന്നതും എളിയ, എൻ്റെ ഭാഗ്യങ്ങളാണ്.

അക്കാലത്തെ നിരവധി കലാകാരന്മാരുടെ ഒരു കൂട്ടായ്മ കൂടിയായിരുന്നു ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു തലമുറ എന്നും പറയേണ്ടിയിരിക്കുന്നു. പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും ജീവശ്വാസമാകുന്നതിൽ അനൽപമായ സംഭാവനകൾ ആണ് പൊൻകുന്നം ദാമോദരനും കെ.ജി കേശവപ്പണിക്കരും, CPIM കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വാസുക്കുട്ടൻസാറും നിർവ്വഹിച്ചത്. വേളൂർ കൃഷ്ണൻകുട്ടി, കൊടുപ്പുന്ന, ജീവിതനൗകയിലെ ചെങ്ങന്നൂർക്കാരായ പങ്കജവല്ലിയും.

നാണുക്കുട്ടനും അങ്ങനെയങ്ങനെ നീണ്ടുപോകുകയാണ് ഈ ലിസ്റ്റ്. ഈ സമാഹാരം മറ്റൊന്നും ചെയ്യുന്നില്ല., സുലോചനച്ചേച്ചി പാടിയ ഒരു പാട്ടിന്, അതിൻ്റെ പിന്നിലുള്ള നാടോടിയായ അനശ്വര സൗന്ദര്യത്തിന്, അതിൻ്റെ ഒരിക്കലും വറ്റാത്ത വാഴ് വിന് ഒന്നുകൂടി ഒരിക്കൽ കൂടി ചെവിയോർക്കുകയല്ലാതെ.

Leave A Reply

Your email address will not be published.