Mocifi.com
Art is not a luxury, but a necessity.

ഇന്ന് ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മദിനം, അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങള്‍ ഇവയാണ്

ശ്രുതി എസ് പങ്കജ്

ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മദിനമാണിന്ന്. എന്റെ അഭിപ്രായത്തില്‍ മലയാള സിനിമ സംഗീത ചരിത്രത്തില്‍ ഒരു പിതാമഹന്റെ സ്ഥാനമാണദ്ദേഹത്തിന്. യാതൊരു മുന്‍ മാതൃകകളും അദ്ദേഹത്തിനില്ലായിരുന്നു. തന്റെ സംഗീതത്തില്‍ വരുന്ന ഓര്‍ക്കസ്ട്രയിലെ ഒരു മണി പോലും അദ്ദേഹത്തിന്റ സൃഷ്ടിയായിരുന്നു. എല്ലാ തരത്തിലുള്ള സംഗീതവും അദ്ദേഹത്തിന് വഴങ്ങി എന്ന് മാത്രമല്ല മിക്ക ഭാവങ്ങളിലും ഉള്ള ഇന്നു വരെയിറങ്ങിയ പാട്ടുകള്‍ നമ്മള്‍ മലയാളികള്‍ ഓര്‍ത്താല്‍ ആദ്യം ഓര്‍മ വരുന്നത് അദ്ദേഹത്തിന്റെ പാട്ടുകള്‍ ആയിരിക്കും. ഉദാഹരണത്തിന്

1.വിപ്ലവ ഗാനം – ബലി കുടീരങ്ങളെ ബലി കുടീരങ്ങളെ സ്മരണകളിരമ്പും ( ഇതിനെക്കാള്‍ വലിയ വിപ്ലവ ഗാനം വേറെയുണ്ടോ )

2.വഞ്ചി പാട്ട് – കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ ( വഞ്ചിപാട്ടു പാടാന്‍ പറഞ്ഞാല്‍ വേറൊരു പാട്ട് നമ്മുടെ മനസ്സില് വരുമോ ?

3. മരണ സമയത്തുള്ള പാട്ട്- സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു ( മറ്റൊരു പാട്ടുണ്ടോ പകരം വെക്കാന്‍ )

4.ഭക്തി ഗാനം ഹിന്ദു – ഹരിവരാസനം വിശ്വമോഹനം, അല്ലെങ്കില്‍ ചെത്തി മന്താരം തുളസി, ശബരി മലയില്‍ തങ്ക സൂര്യോദയം. ( ഇതിന്റെയൊക്കെ മുകളില്‍ നില്ക്കുന്ന ഒരു ഹിന്ദു ഭക്തി ഗാനം മലയാളത്തില്‍ ഉണ്ടോ?- അദ്ദേഹം ഒരു നിരീശ്വര വാദിയായിരുന്നു എന്ന് കൂടി ഓര്‍ക്കണം)ക്രിസ്ത്യന്‍ ഭക്തി ഗാനം – നിത്യ വിശുദ്ധയാം കന്യാ മറിയമേ ( ഇന്നും ഈ പാട്ടുകള്‍ പള്ളികളിലെ ക്വയറിന്റെ അഭിഭാജ്യമല്ലേ)

5. അര്‍ദ്ധ ശാസ്ത്രീയ ഗാനം – നാദ ബ്രഹ്മത്തിന്‍ സാഗരം നീന്തി വരും ( ഇന്നും നമ്മുടെ സിനിമ കണ്ട മികച്ച അര്‍ദ്ധ ശാസ്ത്രീയ ഗാനമാണ് ഇത് )

6. വേദാന്ത ഗാനം – മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ? ( ഇതിനു മുകളില്‍ വയ്ക്കാവുന്ന വേദാന്ത ഗാനങ്ങള്‍ എനിക്കറിയില്ല)

7. വിരഹം -ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഏരിയ. മലയാള സംഗീതത്തിലെ ഏറ്റവും മികച്ച വിരഹ ഗാനങ്ങളില്‍ ഈ നാല് പാട്ടുകളെക്കാള്‍ മികച്ചവയുണ്ടോ എന്ന് സംശയമാണ്.

സന്യാസിനി നിന് പുണ്യാശ്രമത്തില്‍ ഞാന്‍

മംഗളം നേരുന്നു ഞാന്‍ മനസ്വിനി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍

സുമങ്ങലി നീ ഓര്‍മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം.

വടക്കന്‍ പാട്ട് – പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു

മാപ്പിള / ഒപ്പന പാട്ട് -തനിക്ക് അത്ര കണ്ടു വഴങ്ങാത്ത സംഗീത ശാഖ എന്ന് അദ്ദേഹം തന്നെ സമ്മതിച്ച ഈ രംഗത്തെ അദ്ധേഹത്തിന്റെ പാട്ടുകള്‍ നോക്കൂ

പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ
2 . കസ്തൂരി തൈലമിട്ടു മുടി മിനുക്കി മുത്തോട് മുത്ത് വെച്ച വള കിലുക്കി

ഹിന്ദുസ്ഥാനി – ഇന്നെനിക്കു പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം.

ലളിത ഗാനം – ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമല്‍ ഉറക്കമായ്

കായല്‍ പശ്ചാത്തല മാക്കിയുള്ള ഗാനങ്ങള്‍ – കായലിന്റെ സൗന്തര്യം ഇത്രെയേറെ അനുഭവിപ്പിച്ച മറ്റൊരു സംഗീതജ്ഞന്‍ ഉണ്ടോ?

കൈതപ്പുഴ കായലിലെ

അഷ്ടമുടി കായലിലെ അന്ന നട തോണിയിലെ

കാറ്റടിച്ചു കൊടും കാറ്റടിച്ചു കായലിലെ

നാടക ഗാനങ്ങള്‍ – അമ്പിളി അമ്മാവാ താമര കുമ്പിലിലെന്തുണ്ട്.
15 . അടിപൊളി പാട്ട് – ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞവളെ
16 ഭാവസാന്ദ്ര ഗാനങ്ങള്‍ – പാരിജാതം തിരുമിഴി തുറന്നു, മാണിക്യ വീണയുമായെന്‍ , കായാംബൂ കണ്ണില്‍ വിടരും.

കുട്ടികള്‍ക്കുള്ള പാട്ടു – പഞ്ചാര പാലുമിട്ടായി, കിഴക്കു കിഴക്കൊരാന പൊന്നണിഞ്ഞു നിലക്കണ്!

18 ദേശഭക്തി ഗാനം – ഗംഗാ യമുനാ സംഗമ സമതല ഭൂമി

  1. വെസ്റ്റേണ്‍ മെലഡി ശൈലി – കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകി വരും ഗാനം
  2. ശൃംഗാരം ഗാനം – പ്രാണനാഥനെനിക്ക് നല്‍കിയ

എഴുതിയാലും എഴുതിയാലും തീരില്ല ദേവരാജ വിശേഷങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ സിനിമാ സംഗീതത്തില്‍ ഉപയോഗിച്ചിട്ടുള്ളത് ദേവരാജന്‍ മാസ്റ്റര്‍ ആണ്. 91 രാഗങ്ങള്‍. അത് പോലെ തന്നെ അദ്ദേഹം തന്നെയാണ് പില്‍ക്കാല മലയാളസംഗീതത്തിന്റെ ശൈലി സെറ്റ് ചെയ്തത്.

ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ പില്‍ക്കാല മഹാന്മാരില്‍ മിക്കവരും കളി തുടങ്ങിയത് ആ കളരിയിലാണ്. അര്‍ജുനന്‍ മാസ്റ്റര്‍, ആര്‍ കെ ശേഖര്‍, ജോണ്‍സന്‍, എം ജി രാധാകൃഷ്ണന്‍, ഔസേപ്പച്ചന്‍, ഇളയരാജ, എം ജയചന്ദ്രന്‍ തുടങ്ങി എണ്ണമറ്റ സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. വിദ്യാസാഗറൊക്കെ നിക്കറിടുന്ന പ്രായത്തില്‍ അദ്ദേഹത്തിന്റെ കൂടെ തുടങ്ങിയതാണ്. എ ആര്‍ റഹ്മാനും അദ്ദേഹത്തെ അസിസ്‌റ് ചെയ്തിട്ടുണ്ട് എന്നാണ് മനസിലാവുന്നത്.

മലയാളസംഗീത ശാഖയില്‍ ഖ്വയര്‍ എന്ന ശാഖ ജനകീയമാക്കുന്നതും അദ്ദേഹമാണ് ശക്തിഗാഥ ഖ്വയറിലൂടെ. സൂക്ഷ്മമായി നോക്കിയാല്‍ ഗന്ധര്‍വ്വ ഗായകന്റെ ആലാപനശൈലിയും സംഗീത സംവിധായക ശൈലിയും അദ്ദേഹം രൂപപ്പെടുത്തിയതാണ്. ആരുടെ മുന്നിലും വഴങ്ങാത്ത ധിക്കാരി എന്ന പ്രതിച്ഛായ ഉണ്ടായിരുന്ന അദ്ദേഹം ആദ്യകാലത്ത് യേശുദാസിന് ഒരു പാട്ടു കൊടുപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയതായി വായിച്ചിട്ടുണ്ട്.

അങ്ങനെയാണ് പഞ്ചാരപാലുമിഠായി എന്ന പാട്ടില്‍ ദാസേട്ടന്‍ പാടുന്നത്. പിന്നീട് കണ്ണുനീര്‍ മുത്തുമായി കാണാനെത്തുന്ന കതിരു കാണാക്കിളി ഞാന്‍ എന്ന ദാസേട്ടന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് ഗാനവും മാഷിന്റെ വകയാണ്. ജയചന്ദ്രന് ആദ്യ സൂപ്പര്‍ ഹിറ്റ് കൊടുക്കുന്നതും അദ്ദേഹമാണ്. ജയചന്ദ്രന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയായാണ് മാഷിനെ പറ്റി പറയുന്നത്.

ദാസേട്ടനെ മാത്രമല്ല വിധു പ്രതാപ്, സുധീപ് കുമാര്‍ വിജേഷ് ഗോപാല്‍ തുടങ്ങി പുതുതലമുറയിലെ ശ്രദ്ദേയരായ ഗായകരെയും അവതരിപ്പിച്ചത് അദ്ദേഹമാണ് .

Leave A Reply

Your email address will not be published.